ന്യൂയോർക്ക്- ചൊവ്വയിലെ പ്രാചീന സൂക്ഷ്മാണു ജീവി സാന്നിധ്യത്തെ വിശകലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള നാസയുടെ ആസ്ട്രോബയോളജി ദൌത്യം, റോവർ പെർസിവിയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തെ മുറിച്ചുകടന്ന് സുരക്ഷിതമായി നിലത്തിറങ്ങി. ചൊവ്വയിലെ സൂക്ഷ്മാണുജീവിത സാധ്യത തേടലാണ് പെർസിവിയറൻസിന്റെ ആദ്യ ലക്ഷ്യം. ആറ് ചക്രങ്ങളുള്ള റോവറിന്റെ നിലത്തിറങ്ങൽ പ്രക്രിയ ഏറെ അപായസാധ്യതകളുള്ള ഒന്നായിരുന്നു. ഇത് സുരക്ഷിതമായി സാധിച്ചതോടെ ലോസ് ആഞ്ചലസിൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ആഹ്ലാദാരവങ്ങളുയർന്നു. ചൊവ്വയിൽ ഒരുകാലത്ത് ജലസമ്പന്നമായിരുന്നെന്ന് കരുതപ്പെടുന്ന ജെസീറോ ക്രേറ്ററിലാണ് റോവർ ഇറങ്ങിയിരിക്കുന്നത്.
ഏഴ് മാസത്തോളമെടുത്താണ് വാഹനം ചൊവ്വയിലെത്തിയത്. 472 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. മണിക്കൂറിൽ 19,000 കിലോമീറ്റർ വേഗതയിലാണ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് വാഹനം പ്രവേശിച്ചത്. ഏറ്റവുമൊടുവിലത്തെ നിലത്തിറങ്ങൽ പ്രക്രിയയാണ് നാസയിലെ ശാസ്ത്രജ്ഞരെ ഏറ്റവും ആശങ്കയിലാഴ്ത്തിയിരുന്നത്. 'ഏഴ് മിനിറ്റ് നേരത്തെ ഭീകരത' എന്നാണ് ഈ നിമിഷങ്ങളെ അവർ വിശേഷിപ്പിച്ചത്.
ഒരു പുതിയ കാലഘട്ടത്തിന്റെ പിറവി എന്നാണ് റോവർ പെർസിവിയറൻസിസിന്റെ ചൊവ്വയിലെ ലാൻഡിങ്ങിനെ നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഫോർ സയൻസ്, തോമസ് സുർബുചെൻ വിശേഷിപ്പിക്കുന്നത്.
2.7 ബില്യൺ ഡോളർ ചെലവിട്ടാണ് ഈ ദൌത്യം അതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിനകം തന്നെ ആദ്യത്തെ ചിത്രം ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു റോവർ. മൈക്രോബുകളുടെ (സൂക്ഷ്മാണുക്കൾ) ഫോസിൽ രൂപത്തിലുള്ള സാന്നിധ്യം ചൊവ്വയിലുണ്ടാകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് റോവർ പെർസിവിയറൻസിനെ പഠനത്തിനയച്ചിരിക്കുന്നത്. 3 ബില്യൺ വർഷങ്ങൾക്കു മുമ്പ് ചൊവ്വയിൽ നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന ജീവസാന്നിധ്യത്തിന്റെ തെളിവുകൾ തേടുകയാണ് ശാസ്ത്രജ്ഞർ.