കൊച്ചി - രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുൾപ്പടെ മത്സര ചിത്രങ്ങൾ. പ്രേക്ഷകർ ആകാംക്ഷാപൂർവം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ചുരുളി .വൻ ജനത്തിരക്കാണ് ചുരുളിയുടെ പ്രദർശനത്തിന് അനുഭവപ്പെട്ടത് .മനസ്സിന്റെ അടിസ്ഥാന ചേതനകളാൽ ഉഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളി. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കൊസയും നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിച്ചു.
അസർബൈജാനിയൻ ചിത്രം ബിലേസുവർ, വിയറ്റ്‌നാമീസ് ചിത്രം റോം , ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ് ,മെക്‌സിക്കൻ ചിത്രം ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദർശനത്തിനെത്തിയ മത്സര ചിത്രങ്ങൾ. റോം മികച്ച പ്രേക്ഷക പ്രതികരണം നേടി. ഡോൺ പാലത്തറ സംവിധാനം ചെയ്ത 1956 , മധ്യതിരുവിതാംകൂറും വിപിൻ ആറ്‌ലീ സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയറുമായിരുന്നു ഇന്നലെ പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങൾ.
അന്തരിച്ച സംവിധായകൻ കിം കി ഡുക്കിന്റെ ആദരസൂചകമായി സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ, ആൻഡ് സ്പ്രിംഗ് എന്ന ചിത്രം പ്രദർശിപ്പിച്ചു. നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. നടൻ ഇർഫാൻ ഖാന് ആദരം അർപ്പിക്കുന്ന ഖിസ്സ: ദി ടെയ്ൽ ഓഫ് എ ലോൺലി ഗോസ്റ്റ് , ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയുടെ ഓസ്‌കാർ ജേതാവായ വസ്ത്രാലങ്കാരക ഭാനു അതയ്യക്ക് ആദരമായി നാഗ്രികിക് എന്നീ ചിത്രങ്ങളും രണ്ടാം ദിനത്തിൽ പ്രേക്ഷകരുടെ മനം നിറച്ചു. ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്ന ചിത്രവും കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ 'ഹാസ്യം', 'ബിരിയാണി' ഉൾപ്പടെ അഞ്ചു മലയാള ചിത്രങ്ങൾ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും. ആകെ 24 ചിത്രങ്ങളാണ് നാളെ വേദിയിലെത്തുന്നത്. അറ്റെൻഷൻ പഌസ് , വാങ്ക് , സീ യു സൂൺ എന്നിവയാണ് പ്രദർശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങൾ. ഹാസ്യം രാജ്യാന്തര മത്സര വിഭാഗത്തിലും ബിരിയാണി കാലിഡോസ്‌കോപ്പ് വിഭാഗത്തിലും മറ്റ് മൂന്നു ചിത്രങ്ങൾ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലും പ്രദർശിപ്പിക്കപ്പെടുന്നു.
മികച്ച പ്രേക്ഷക പ്രതികരണം നേടിയ രാജ്യാന്തര ചിത്രങ്ങളും നാളെ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ലോക സിനിമ വിഭാഗത്തിൽ 'യെല്ലോ ക്യാറ്റ്', 'മാൻ ഹു സോൾഡ് ഹിസ് സ്‌കിൻ' 'സമ്മർ ഓഫ് 85' തുടങ്ങിയവയും രാജ്യാന്തര മത്സര വിഭാഗത്തിൽ 'ദേർ ഈസ് നോ ഇവിൽ' 'ക്രോണിക്കിൾസ് ഓഫ് സ്‌പേസ്', 'ലോൺലി റോക്ക്', 'ഡെസ്റ്ററോ' തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. തമിഴ് സിനിമകളായ 'കുതിരൈ വാൽ', 'സേത്തുമ്മാൻ' എന്നിവയും ബിഗ് സ്‌ക്രീനിൽ എത്തുന്നു.
ലൈഫ് ടൈം അചീവമെന്റ് അവാർഡ് നേടിയ ജീൻ ലുക് ഗൊദാർദിന്റെ 'ബ്രത്‌ലെസ്സ്', ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സ്മരണാർത്ഥം 'അഗ്രഹാരത്തിൽ കഴുതൈ' എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെടുന്നു.