Sorry, you need to enable JavaScript to visit this website.

ഹാഫിസ് സഈദിനെ ഉടൻ അറസ്റ്റ് ചെയ്യണം -യു.എസ്

വീട്ടുതടങ്കലിൽനിന്ന് മോചിതനായ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സഈദ് ലാഹോറിലെ പള്ളിയിൽ പ്രാർഥനക്ക് നേതൃത്വം നൽകാനെത്തിയപ്പോൾ അനുയായികൾ സ്വീകരിക്കുന്നു.
  • മോചിതനായ ഹാഫിസ് ലാഹോർ പള്ളിയിൽ പ്രാർഥനക്ക് നേതൃത്വം നൽകി
  • ആശങ്കാജനകമെന്ന് അമേരിക്ക.

വാഷിംഗ്ടൺ- പാക് ജുഡീഷ്യൽ റിവ്യൂ ബോർഡിന്റെ ഉത്തരവ് പ്രകാരം മോചിതനായ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തണമെന്ന് യു.എസ് ശക്തമായ ഭാഷയിൽ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്നലെ വീട്ടുതടങ്കലിൽനിന്ന് മോചിതനായ ഹാഫിസ് ലാഹോറിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനക്ക് നേതൃത്വം നൽകുകയും അനുയായികളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. 
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സഈദിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ജനുവരി മുതൽ വീട്ടുതടങ്കലിൽ ആയിരുന്ന ഹാഫിസ് മോചിതനാവുകയും പ്രസംഗിക്കുകയും ചെയ്തതിൽ യു.എസ് വിദേശകാര്യ വക്താവ് ഹീതർ നുവർട്ട് ആശങ്ക രേഖപ്പെടുത്തി. 
അമേരിക്കൻ പൗരൻമാരുൾപ്പെടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിയായ ഹാഫിസിനെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ച് ശിക്ഷ നൽകുമെന്ന് പാകിസ്ഥാൻ സർക്കാർ ഉറപ്പാക്കണമെന്നും നുവർട്ട് പ്രസ്താവനയിൽ പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസിൽ ഹാഫിസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് തിരിച്ചടി നൽകിയാണ് പാക് കോടതി ഹഫീസിനെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചത്. പാകിസ്ഥാൻ സർക്കാർ, കോടതിയിൽ സ്വീകരിച്ച അനുകൂല നിലപാടും ഹാഫിസിന്റെ മോചനത്തിന് വഴിയൊരുക്കി. 
10 ദശലക്ഷം യു.എസ് ഡോളർ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഭീകരവാദിയാണ് സഈദിനെന്ന് യു.എസ് ചൂണ്ടിക്കാട്ടി. പത്ത് മാസത്തെ വീട്ടുതടങ്കലിന് ശേഷം കഴിഞ്ഞ ദിവസം മോചിതനായ സഈദ് തൊട്ടുടനെ ഇന്ത്യ വിരുദ്ധ പ്രസ്താവനകളിറക്കുകയും കശ്മീരിന്റെ മോചനത്തിനായി ജനങ്ങളെ സംഘടിപ്പിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. 2008 ൽ യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. യു.എൻ രക്ഷാസമിതി പ്രമേയത്തിലും ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

 

 

Latest News