റിയാദ് - തൊഴിൽ നിയമത്തിൽ വരുത്താനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലാ തൊഴിലാളികൾക്കുള്ള സർവീസ് ആനുകൂല്യം ഉയർത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം.
കരടു തൊഴിൽ നിയമ ഭേദഗതി തൊഴിലാളികളും തൊഴിലുടമകളും വിദഗ്ധരും അടക്കം പൊതുസമൂഹത്തിന്റെ അഭിപ്രായ നിർദേശങ്ങൾക്കായി മന്ത്രാലയം പരസ്യപ്പെടുത്തി. കാലാവധി പ്രത്യേകം നിശ്ചയിക്കാത്ത തൊഴിൽ കരാർ ആണെങ്കിൽ തൊഴിലാളിയുടെ സേവനം തൊഴിലുടമ അവസാനിപ്പിക്കുന്ന പക്ഷം സർവീസ് കാലത്തെ ഓരോ വർഷത്തിനും ഒരു മാസത്തെ വേതനം വീതം സർവീസ് അനുകൂല്യമായി തൊഴിലാളിക്ക് നൽകണമെന്ന് കരടു നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
കാലാവധി പ്രത്യേകം നിശ്ചയിച്ച കരാർ ആണെങ്കിൽ സർവീസ് കാലത്തെ ഓരോ വർഷത്തിനും ഒരു മാസത്തെ വേതനം വീതം സർവീസ് ആനുകൂല്യം നൽകുന്നതിനു പുറമെ കരാർ കാലാവധിയിൽ ശേഷിക്കുന്ന കാലത്തെ വേതനവും കൈമാറിയിരിക്കണം.
തൊഴിലാളികൾ രാജിവെക്കുന്ന സാഹചര്യങ്ങളിൽ സർവീസ് ആനുകൂല്യം മൂന്നിലൊന്നും മൂന്നിൽ രണ്ടുമായി കുറക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. പകരം രാജിവെക്കുന്ന സാഹചര്യങ്ങളിലും പൂർണ സർവീസ് ആനുകൂല്യത്തിന് തൊഴിലാളികൾക്ക് അവകാശമുണ്ടാകും.
സ്വകാര്യ സ്ഥാപനങ്ങളിലെ സൗദിവൽക്കരണം 75 ശതമാനത്തിൽ കുറയാൻ പാടില്ല എന്ന വ്യവസ്ഥയും പുതിയ ഭേദഗതി റദ്ദാക്കുന്നു. പകരം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിക്കുന്ന സൗദിവൽക്കരണ അനുപാതത്തിൽ കുറവായി സൗദി ജീവനക്കാരുടെ എണ്ണം കുറയാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. മതിയായ യോഗ്യതകളുള്ള സൗദി ജീവനക്കാരെ കിട്ടാനില്ലാത്ത സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾ പാലിക്കേണ്ട സൗദിവൽക്കരണ അനുപാതം താൽക്കാലികമായി കുറക്കാവുന്നതാണ്. തൊഴിൽ നിയമങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ഒഴിവാക്കി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ പരിശോധകർക്ക് നൽകാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
റീ-എൻട്രി വിസാ ഫീസ് തൊഴിലുടമ വഹിക്കേണ്ടതില്ലെന്ന് തൊഴിൽ നിയമത്തിലെ 40-ാം വകുപ്പ് അനുശാസിക്കുന്നു. 53-ാം വകുപ്പ് പ്രകാരം പ്രൊബേഷൻ കാലം തത്തുല്യ കാലത്തേക്ക് ദീർഘിപ്പിക്കാവുന്നതാണ്. ഇതനുസരിച്ച് പ്രൊബേഷൻ കാലം 180 ദിവസമായി ദീർഘിപ്പിക്കാൻ തൊഴിലുടമക്കും തൊഴിലാളിക്കും ധാരണയിലെത്താവുന്നതാണ്. 75-ാം വകുപ്പ് പ്രകാരം രാജിവെക്കുന്ന തൊഴിലാളികൾ 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരിക്കണം. എന്നാൽ കമ്പനി കരാർ അവസാനിപ്പിക്കുന്ന സാഹചര്യങ്ങളിൽ 60 ദിവസം മുമ്പ് നോട്ടീസ് നൽകിയിരിക്കണം. തൊഴിൽ താൽപര്യം മുൻനിർത്തിയും ബദൽ തൊഴിലാളിയെ ലഭ്യമാക്കാനും രാജിക്കത്ത് സ്വീകരിക്കുന്നത് 60 ദിവസത്തേക്ക് നീട്ടിവെക്കാൻ കമ്പനിക്ക് അവകാശമുണ്ടാകും.
കരടു നിയമ ഭേദഗതിയിലെ 94-ാം വകുപ്പ് പ്രകാരം പ്രതിവാര തൊഴിൽ സമയം 48 മണിക്കൂറിൽ നിന്ന് 40 മണിക്കൂറായും റമദാനിൽ പ്രതിവാര തൊഴിൽ സമയം 36 മണിക്കൂറിൽനിന്ന് 30 മണിക്കൂറായും കുറയും. ഇതനുസരിച്ച് സ്വകാര്യ മേഖലയിൽ പ്രതിവാര അവധി രണ്ടു ദിവസമായി ഉയരും. ഓവർടൈം വേതനത്തിനു പകരം അവധി നൽകാനും നിർദിഷ്ട ഭേദഗതി അനുവദിക്കുന്നുണ്ട്. വേതനത്തോടു കൂടിയ പ്രസവാവധി പത്ത് ആഴ്ചയിൽ നിന്ന് 14 ആഴ്ചയായും ഭേദഗതി ഉയർത്തുന്നു. നിയമ വിരുദ്ധമായി തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷ രണ്ടു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം റിയാലായി വർധിപ്പിക്കാനും നിർദിഷ്ട ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
നിലവിലെ നിയമം അനുസരിച്ച് രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് സ്വകാര്യ മേഖലാ ജീവനക്കാർ രാജിവെക്കുന്നതെങ്കിൽ മൂന്നിലൊന്ന് സർവീസ് ആനുകൂല്യത്തിനാണ് അർഹതയുണ്ടാവുക. അഞ്ചു വർഷത്തെ സർവീസുള്ളവർക്ക് മൂന്നിൽ രണ്ട് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. പത്തും അതിൽ കൂടുതലും സർവീസുള്ളവർ രാജിവെക്കുകയാണെങ്കിൽ അവർക്ക് പൂർണ തോതിലുള്ള സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. രണ്ടു വർഷത്തിൽ കുറവ് മാത്രം സർവീസുള്ളവർ ജോലി രാജിവെക്കുകയാണെങ്കിൽ അവർക്ക് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകില്ല.
സ്വന്തം നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാൽ ജോലി ഉപേക്ഷിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന സാഹചര്യങ്ങളിൽ ആദ്യത്തെ അഞ്ചു വർഷത്തെ സർവീസ് കാലത്തിന് കൊല്ലത്തിൽ അര മാസത്തെ ശമ്പളം വീതവും പിന്നീടുള്ള കാലത്തിന് വർഷത്തിന് ഒരു മാസത്തെ ശമ്പളം വീതവുമാണ് സർവീസ് ആനുകൂല്യമായി ലഭിക്കുക. സർവീസ് കാലത്തിൽ പെടുന്ന വർഷത്തിലെ ഭാഗങ്ങൾക്കും അതിനനുസൃതമായ സർവീസ് ആനുകൂല്യത്തിന് ജീവനക്കാർക്ക് അവകാശമുണ്ട്.
ഏറ്റവും അവസാനം കൈപ്പറ്റുന്ന അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് ആനുകൂല്യം കണക്കാക്കുക. തൊഴിൽ കരാർ ബന്ധം അവസാനിച്ചാൽ തൊഴിലാളിക്ക് തൊഴിലുടമ സർവീസ് ആനുകൂല്യം നൽകൽ നിർബന്ധമാണ്. നിലവിലെ നിയമം അനുസരിച്ച് ആദ്യത്തെ അഞ്ചു കൊല്ലത്തിന് അര മാസത്തെ വേതനം വീതവും പിന്നീടുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വീതം വേതനവുമാണ് സർവീസ് ആനുകൂല്യമായി ലഭിക്കാൻ തൊഴിലാളികൾക്ക് അവകാശമുള്ളത്.