കൊല്‍ക്കത്ത- പശ്ചിമബംഗാളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിനിമാതാരങ്ങളെയും മറ്റ് സെലിബ്രിറ്റികളെയും അവതരിപ്പിച്ച് നേട്ടമുണ്ടാക്കാൻ മമത ബാനർജിക്ക് സാധിച്ചിരുന്നു. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും സമാനമായ അങ്കം നടക്കുമെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത്. ഇത്തവണ സെലിബ്രിറ്റി പരിപാടി തുടങ്ങിയിരിക്കുന്നത് ബിജെപിയാണ്.
യാഷ് ദാസ്ഗുപ്ത എന്ന 35കാരനായ നടനാണ് ഇവരിൽ പ്രമുഖൻ. ഇദ്ദേഹം 2016ലാണ് സിനിമയിലെത്തിയത്. ഗാങ്സ്റ്റർ എന്ന സിനിമയിലൂടെ രംഗത്തെത്തിയ ഇദ്ദേഹത്തിന് ആ സിനിമയിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. സീരിയലുകളിലൂടെയാണ് യാഷ് സിനിമയിലെത്തുന്നത്.
ഇദ്ദേഹത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിൽ ചേക്കേറി എംപിയായി മാറിയ മറ്റൊരു സിനിമാതാരം, നുസ്രത്ത് ജഹാൻ, യാഷിന്റെ സുഹൃത്താണ്.
പാപിയ അധികാരി, സൌമിലി ബിശ്വാസ് എന്നിവരും ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും സിനിമാ-സീരിയൽ താരങ്ങളാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ രംഗത്തിറക്കിയ മിക്ക നടീനടന്മാരും വിജയിച്ചിരുന്നു. ഇത് താരങ്ങൾക്കിടയിൽ രാഷ്ട്രീയപ്രവേശന പ്രവണത കൂട്ടിയിട്ടുണ്ടെന്ന് വേണം പറയാൻ.