Sorry, you need to enable JavaScript to visit this website.

ഹൂത്തികള്‍ അടങ്ങുന്നില്ല; സൗദിക്കുനേരെ വീണ്ടും ആക്രമണ ശ്രമം; അമേരിക്ക രംഗത്ത്

റിയാദ് - സൗദി അറേബ്യക്കു നേരെ ഹൂത്തി മിലീഷ്യകള്‍ നടത്തുന്ന ആക്രമണങ്ങളെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ജോണ്‍ കിര്‍ബി അപലപിച്ചു. ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കലുമാണ്. സ്വയം പ്രതിരോധത്തിന് സൗദി അറേബ്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.


ഇന്നു പുലര്‍ച്ചെ ഖമീസ് മുശൈത്തില്‍ ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട, സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ദക്ഷിണ സൗദിയില്‍ ആവര്‍ത്തിച്ച് ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ ശ്രമിച്ചിരുന്നു.


സമാധാനത്തിനുള്ള ആഹ്വാനങ്ങള്‍ ഹൂത്തികള്‍ ആവര്‍ത്തിച്ച് നിരസിക്കുകയാണെന്ന് യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് ആലുജാബിര്‍ പറഞ്ഞു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിലൂടെ ഹൂത്തികള്‍ അന്താരാഷ്ട്ര സമാധാന ശ്രമങ്ങള്‍ക്ക് ഭംഗംവരുത്തുകയാണ്. ഇരുപതു ലക്ഷത്തിലേറെ പേര്‍ അധിവസിക്കുന്ന മാരിബ് ഗവര്‍ണറേറ്റിനു നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നു. ഇത് ഭീരുത്വമാര്‍ന്ന ഭീകരാക്രമണമാണ്. മാരിബ് നിവാസികളില്‍ ഭൂരിഭാഗവും ഉത്തര യെമനില്‍ നിന്ന് പലായനം ചെയ്തവരാണ്. ഹൂത്തികളുടെ ഇത്തരം ആക്രമണങ്ങള്‍ സമാധാനമുണ്ടാക്കാന്‍ അന്താരാഷ്ട്ര സമൂഹം നടത്തുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കും കോട്ടംതട്ടിക്കുകയാണെന്നും മുഹമ്മദ് ആലുജാബിര്‍ പറഞ്ഞു.

 

Latest News