ജോഹന്നസ്ബര്‍ഗ്- ദക്ഷിണാഫ്രിക്കയില്‍ ജനസംഖ്യയുടെ പകുതിയോളം പേരെ കോവിഡ് ബാധിച്ചതായി നിഗമനം. പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളുമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഔദ്യോാഗികമായി രേഖപ്പെടുത്തിയതിനേക്കാള്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവെന്നാണ് കരുതുന്നത്.
ആഫ്രിക്കയില്‍ കൊറോണ വൈറസ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യത്ത് 2020 മെയ് മുതല്‍ 1,40,000 ലധികം അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പറയുന്നു. ഇതില്‍ 90 ശതമാനം മരണങ്ങളും കോവിഡ് 19 മൂലമാണെന്ന് പ്രമുഖ സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഡിസ്‌കവറി കണക്കാക്കുന്നു. 15 ലക്ഷം പേരെ കോവിഡ് ബാധിച്ചുവെന്നും 48,500 പേര്‍ മരിച്ചുവെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ ഔദ്യോഗിക കണക്ക്.
എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ 1,20,000 എങ്കിലും വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൊറോണ വൈറസ് ആന്റിബോഡി സര്‍വേകളുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ സ്ഥിതിവിവരക്കണക്കുകള്‍.