പാറ്റ്ന- സിപിഐയുടെ തീപ്പൊരി നേതാവ് കനയ്യ കുമാർ എൽജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഞായറാഴ്ച നിതീഷിന്റെ വിശ്വസ്തനായ അശോക് ചൌധരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ ശത്രുവായ ചിരാഗുമായും കനയ്യ കൂടിക്കണ്ടത്. അശോക് ചൌധരിയുമായുള്ള കൂടിക്കാഴ്ചയും രാഷ്ട്രീയപരമല്ലെന്നായിരുന്നു നിതീഷ് നേരത്തെ പറഞ്ഞത്. സിപിഐയിലെ വൃദ്ധനേതൃത്വവുമായി കനയ്യ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചകളെന്നത് വലിയ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
നിലവിൽ സിപിഐ കേന്ദ്രനിർവാഹക കൗൺസിൽ അംഗമാണ് കനയ്യ കുമാർ. മറ്റ് പാർട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കുന്നതിൽ അദ്വിതീയനാണ് ജെഡിയു നേതാവ് അശോക് ചൌധരി. ഈയടുത്തകാലത്ത് ബിഎസ്പിയിൽ നിന്നുള്ള ഒരു എംഎൽഎയെ ഇദ്ദേഹം ജെഡിയുവിലെത്തിച്ചിരുന്നു. ഒരു സ്വതന്ത്ര എംഎൽഎയെയും ഇങ്ങനെ ചാക്കിട്ടു പിടിച്ചു. ഇവർ രണ്ടുപേരെയും മന്ത്രിമാരാക്കുകയും ചെയ്തു. ഇക്കാരണത്താൽ തന്നെ ഇരുവരുടെയും കൂടിക്കാഴ്ച ആ നിലയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. കനയ്യക്കൊപ്പം സിപിഐ എംഎൽഎ സൂര്യാകന്ത് പാസ്വാനും ഉണ്ടായിരുന്നു. കനയ്യയോ സൂര്യകാന്ത് പാസ്വാനോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഉപേക്ഷിച്ച് അച്ചടക്കമുള്ള നേതാവായി മാറാൻ തയ്യാറാണെങ്കിൽ ജേഡിയുവിലേക്ക് കനയ്യയെ സ്വാഗതം ചെയ്യുമെന്ന് പാർട്ടി വക്താവ് അജയ് അലോക് പ്രസ്താവിക്കുകയുണ്ടായി.
അതെസമയം ബിജെപി സഖ്യകക്ഷിയായ ജെഡിയുവിനൊപ്പം ചേരാൻ കനയ്യ തയ്യാറെടുക്കുകയാണെന്ന മാധ്യമ വാർത്തകളെ കടുത്ത ഭാഷയിൽ അപലപിച്ച് സിപിഐ ദേശീയ നേതൃത്വം രംഗത്തു വന്നിരുന്നു. മാധ്യമങ്ങൾ പാർട്ടിയെയും കനയ്യയെയും കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐയുടെ പ്രസ്താവന പറഞ്ഞു.