Sorry, you need to enable JavaScript to visit this website.

പൊതുജനാരോഗ്യ നിയമം ഓർഡിനൻസാക്കും

തിരുവനന്തപുരം- കേരള പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടും 1955 ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ടും ഏകീകരിച്ചുകൊണ്ടാണ് നിയമം നടപ്പാക്കുന്നത്. 1953 ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്റ്റീഷ്‌ണേഴ്‌സ് ആക്ടും 1914 ലെ മദ്രാസ് മെഡിക്കൽ രജിസ്‌ട്രേഷൻ ആക്ടും ഏകീകരിച്ചുകൊണ്ട് കേരള മെഡിക്കൽ പ്രാക്റ്റീഷ്‌ണേഴ്‌സ് ആക്ട് നടപ്പാക്കുന്നതിനും ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു. ദുരന്താഘാത സാധ്യത സംബന്ധിച്ച വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി 2016 ലെ നഗര-ഗ്രാമാസൂത്രണ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
കേരള അഡ്വക്കേറ്റ് ക്ലാർക്ക് ക്ഷേമനിധിയിൽ അംഗമായ അഭിഭാഷക ക്ലാർക്കുമാരുടെ പ്രതിമാസ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിക്കുന്നതിന് ക്ഷേമനിധി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. വിരമിക്കൽ ആനുകൂല്യം മൂന്നു ലക്ഷം രൂപയിൽ നിന്ന് നാല് ലക്ഷം രൂപയായി ഉയർത്തും.


കേരളത്തിൽ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്ന് നടത്തുന്നതിന് കേന്ദ്രനിയമമായ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്ടിൽ ഭേദഗതി വരുത്തിയ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് (കേരള ഭേദഗതി) ബിൽ മന്ത്രിസഭ അംഗീകരിച്ചു. ഇത് ഓർഡിനൻസായി വിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.


കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 2021 മാർച്ച് 28 മുതൽ ആറു മാസത്തേക്ക് ദീർഘിപ്പിക്കും. പുനരൂപയോഗ ഊർജം സംബന്ധിച്ച ദേശീയ-സംസ്ഥാന നയങ്ങൾക്കനുസൃതമായി അനർട്ട് പുനഃസംഘടിപ്പിക്കാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചു. ഇതിനാവശ്യമായ തസ്തികകൾ സൃഷ്ടിക്കും. വനിതാവികസന കോർപറേഷനിൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആയി ഉയർത്താൻ തീരുമാനിച്ചു.
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോൺട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.


കോവിഡ്മൂലം പ്രതിസന്ധിയിലായ ഐ.ടി കമ്പനികളെ സഹായിക്കുന്നതിന് സർക്കാർ ഐ.ടി പാർക്കുകളിൽ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടകയിൽ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കും. ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കിൽ 2020-21 ലെ തുടർന്നുള്ള മാസങ്ങളിൽ അത് ക്രമീകരിച്ച് കൊടുക്കും. 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വാടക എഴുതിത്തള്ളാൻ തീരുമാനിച്ചു. സർക്കാർ പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിലിൽ സർക്കാർ ഒരു പുനരുജ്ജീവന പാക്കേജ് നടപ്പാക്കിയിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ള ഇളവുകൾ.
കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് മിഷൻ പദ്ധതിയുടെ (ഗ്രാമീൺ) രണ്ടാംഘട്ടം സംസ്ഥാന വിഹിതം സമയബന്ധിതമായി ലഭിക്കുമെന്ന് ഉറപ്പാക്കി നടപ്പാക്കാൻ തീരുമാനിച്ചു.


 

Latest News