മുംബൈ- പോക്‌സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ബോബെ ഹൈക്കോടതി ജഡ്ജി പുഷ്പ വി. ഗനേഡിവാലക്ക് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് യുവതിയുടെ പ്രതിഷേധം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ധരിച്ച വസ്ത്രത്തിനു മുകളിലൂടെ മാറിടം തടവിയതും പാന്റ്‌സിന്റെ സിപ്പഴിപ്പിച്ചതും പോക്‌സോ പ്രകാരമുളള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന നിരീക്ഷണങ്ങളിലൂടെയാണ് ഇവര്‍ വിവാദം സൃഷ്ടിച്ചിരുന്നത്.
ദേവ്ശ്രീ ത്രിവേദിയെന്ന യുവതിയാണ് ജഡ്ജിയുടെ ചേംബര്‍ ഉള്‍പ്പെടെ 12 വിലാസങ്ങളിലേക്ക് 150 കോണ്ടം പാര്‍സല്‍ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി കുറ്റപ്പെടുത്തി. അനീതി അനുവദിക്കാനാകില്ല. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യമെന്നും ദേവ്ശ്രീ പറഞ്ഞു.
ജനുവരി 19നാണ് വിവാദ വിധിയിലൂടെ ജസ്റ്റിസ് പുഷ്പ പ്രതിയെ കുറ്റമുക്തനാക്കിയത്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചിരുന്നു.