ബംഗളൂരു- കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ദിശ രവി ക്രിസ്്ത്യാനിയാണെന്ന സംഘ്പരിവാറിന്റെ വ്യാപക പ്രചാരണത്തിനിടെ, വിശദീകരണവുമായി ദിശയുടെ സഹോദരി രംഗത്ത്.
തന്റെ സഹോദരി ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന ചര്‍ച്ച തീര്‍ത്തും അപ്രസക്തമാണെന്നും പ്രകൃത്രി സ്‌നേഹവുമായി ബന്ധപ്പെട്ട് മതം നോക്കണ്ടതില്ലെന്നും ദിശയുടെ സഹോദരി ട്വീറ്റ് ചെയ്തു. ദിശക്കു മതമില്ലെന്നും ട്വീറ്റില്‍ പറഞ്ഞു.
അറസ്റ്റിലായതിനുശേഷം ദിശയുടെ ട്വിറ്റര്‍ അക്കൗണ്ട് സഹോദരിയാണ് ഉപയോഗിക്കുന്നത്.
രണ്ട് ദിവസമായി ട്വിറ്ററില്‍ ദിഷ രവി ജോസഫ് എന്ന ഹാഷ്ടാഗ് സംഘപരിവാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ദിശ രവി എന്ന 22കാരി ക്രിസ്ത്യാനിയാണെന്നാണ് ഇതിലൂടെ പറയുന്നത്. ദിശ ക്രിസ്ത്യാനിയാണ് എന്നതിനു പുറമെ, മലയാളിയാണെന്നും പ്രചാരണം നടക്കുന്നുണ്ട്.
അതേസമയം, കര്‍ണാടകയിലെ ലിംഗായത്ത് കുടുംബത്തില്‍ നിന്നുള്ള ദിശ അന്നപ്പ രവിയാണ് ഇതെന്നും കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ ദിശ രവി ജോസഫ് അല്ലെന്നും ബംഗളൂരുവിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ വൈ.ബി.ശ്രീവത്സ ട്വീറ്റ് ചെയ്തു.
ദിശ രവി ക്രിസ്ത്യാനിയാണെന്ന വാദം നിരസിച്ച് അഭിഭാഷകനും ദിശയുടെ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായ പ്രസന്ന. ആറും രംഗത്തെത്തി. അവളുടെ അമ്മയുടെ പേര് മഞ്ജുള നഞ്ചയ്യ, അച്ഛന്‍ രവി. അവര്‍ കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ തിപ്ടൂരില്‍ നിന്നുള്ളവരാണ്. ദിശയുടെ മത സ്വത്വം ഇവിടെ പ്രശ്‌നമല്ല. ക്രിസ്ത്യാനിയോ ഹിന്ദുവോ ആണെന്നത് ഇവിടെ എങ്ങനെ പ്രസക്തമാണ് അവള്‍ പ്രകൃതിസ്‌നേഹിയാണ്. ലിംഗായത്ത് കുടുംബത്തില്‍ വളര്‍ന്നതാണെങ്കിലും അവള്‍ ഒരു മതത്തെയും പിന്തുടര്‍ന്നില്ല. വിദ്വേഷം കൂടുതല്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മത സ്വത്വത്തെ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണ്- അദ്ദേഹം പറഞ്ഞു.