ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് മരത്തില്‍ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ യാചനയിലേര്‍പ്പെട്ടത് ശ്രദ്ധയില്‍ പെട്ട വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അവരുടെ മാതാപിതാക്കളെ അന്വേഷിച്ചു ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
ദല്‍ഹി മെട്രോ സ്റ്റേഷനു സമീപത്തെ മരത്തിലാണ് എട്ടുവയസ്സുകാരിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ലഹരിക്ക് അടിമയായതിനാലാണ് കെട്ടിയിട്ടതെന്നാണ് മാതാപിതാക്കള്‍ വിശദീകരിച്ചത്. സംസാരിക്കാന്‍ പോലും പറ്റാത്ത നിലയില്‍ അവശയായിരുന്നു പെണ്‍കുട്ടി. ഒമ്പത് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന 11 അംഗ കുടുംബമാണെന്നും മാതാവ് ഗര്‍ഭിണിയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രസ്താവനയില്‍ പറഞ്ഞു. മദ്യപനായ പിതാവിനെ ലഹരിക്ക് അടിപ്പെട്ട സ്ഥിതിയിലാണ് കണ്ടത്.
പോലീസ് സഹായത്തോടെ കുടുംബത്തോടു സംസാരിക്കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്ത കമ്മിഷന്‍ കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി. ഭിക്ഷാടനത്തിലൂടെ ദിനംപ്രതി 300 രൂപവീതം ലഭിക്കാറുണ്ടെന്നും രാത്രി കുടുംബത്തോടൊപ്പം നടപ്പാതകളിലാണ് ഉറങ്ങാറുള്ളതെന്നും കുട്ടികള്‍ കമ്മീഷനെ അറിയിച്ചു.