ന്യൂദല്‍ഹി- നിയമവിരുദ്ധമായി എം.ബി.ബി.എസ് പ്രവേശനം നടത്തിയ മെഡിക്കല്‍ കോളേജ് 150 വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ലഖ്‌നൗ ആസ്ഥാനമായ ജി.സി.ആര്‍.ജി മെമ്മോറിയല്‍ ട്രസ്റ്റിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജിന് 25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ സംഖ്യ സുപ്രീം കോടതി റജിസ്ട്രിയില്‍ അടയ്ക്കണം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രവേശനത്തിന് അനുമതി നല്‍കിയ അലഹാബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ പരമോന്നത നീതിപീഠം നിശിതമായി വിമര്‍ശിച്ചു. അനധികൃത മെഡിക്കല്‍ പ്രവേശനം ജഡ്ജിമാരും കോളേജ് അധികൃതരും തമ്മിലുള്ള കൂട്ടുകച്ചവടമാക്കിയതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കെയാണ് സുപ്രീം കോടതി ഉത്തരവ്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) അംഗീകാരം ലഭിച്ചിട്ടില്ലാത്ത കോളേജ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് 150 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. വ്യാജ രോഗികളെ അഡ്മിറ്റ് ചെയ്‌തെന്നും മറ്റും ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് എം.സി.ഐ വിലക്കിയിരുന്നു.
ജുഡീഷ്യല്‍ അച്ചടക്കമില്ലായ്മയും അനൗചിത്യവുമാണ് അഹലഹാബാദ് ഹൈക്കോടതി കാണിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് എം.സിയഐക്കുവേണ്ടി ഹാജരായ വികാസ് സിംഗ്, ഗൗരവ് ശര്‍മ എന്നിവര്‍ വാദിച്ചിരുന്നു.
ഈ അധ്യയന വര്‍ഷം എം.സി.ഐ അംഗീകാരം നല്‍കാത്ത 32 കോളേജുകളില്‍ ഒന്നാണിത്. മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം കേള്‍ക്കാതെ സെപ്റ്റംബര്‍ ഒന്നിനാണ് ഹൈക്കോടതി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ ഇടക്കാല ഉത്തരവുകള്‍ നല്‍കരുതെന്ന സുപ്രീം കോടതി നിര്‍ദേശം ലംഘിച്ചായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. എം.സി.ഐയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ പോയിരുന്നെങ്കിലും അതു പിന്‍വലിച്ചാണ് കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കരിപ്പൂര്‍ റണ്‍വേ ഇടത്തരം വിമാനങ്ങള്‍ക്ക് സജ്ജം; റിപ്പോര്‍ട്ട് ഉടന്‍ നല്‍കും