ന്യൂദല്‍ഹി- മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തളളി.
പരാതി ഉന്നയിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ക്രിമിനല്‍ മാനനഷ്ട കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്. 1990 കള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാ രമണി 1994 ല്‍ ജോലിക്കായുള്ള ഒരു ഇന്റര്‍വ്യൂവിന് മുംബയിലെ ഹോട്ടല്‍മുറിയില്‍ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നാണ് 2018 ല്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകളും എംജെ. അക്ബറിനെതിരെ ആരോപണം ഉന്നയിച്ചു.
ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണ്. സ്ത്രീകളുടെ അന്തസിന് ഒരാളുടെ കീര്‍ത്തിയെക്കാള്‍ വിലയുണ്ട്. രാമായണത്തില്‍ സീതയെ രക്ഷിക്കാന്‍ ജഡായു എത്തിയത് ഓര്‍ക്കണമെന്നും സമൂഹത്തില്‍ അതികീര്‍ത്തിയുള്ള വ്യക്തിയാമ് അക്ബറെന്ന് കരുതുന്നില്ലെന്നും കോടതി പറഞ്ഞു.
വെളിപ്പെടുത്തലുകള്‍ വിവാദമായതോടെ എം.ജെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി എം.ജെ അക്ബര്‍ കോടതിയെ സമീപിച്ചത്.