ലഖ്‌നൗ- ഇന്റര്‍നെറ്റില്‍ അശ്ലീല ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും മറ്റു വിവരങ്ങളും തിരയുന്നവരെ നിരീക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ തീരുമാനം. ഇതിനായി ഒരു കമ്പനിയെ യു.പി. പോലീസ് ചുമതലപ്പെടുത്തി. അശ്ലീലം തിരയുന്നവരുടെ വിവരങ്ങള്‍ കമ്പനി യു.പി. പോലീസിന് കൈമാറും. ഈ വിവരങ്ങള്‍ പോലീസ് സൂക്ഷിക്കുകയും വിലയിരുത്തുകയും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുകയും ചെയ്യും. സ്ത്രീകളുടെ സുരക്ഷയ്ക്കായാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഉത്തര്‍പ്രദേശ് വിമന്‍ പവര്‍ലൈന്‍ വിങ് അഡീ. ഡയറക്ടര്‍ ജനറല്‍ നീര റാവത് മാധ്യമങ്ങളോട് പറഞ്ഞു. അശ്ലീല ഉള്ളടക്കം തിരയുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും. അശ്ലീല ഉള്ളടക്കം തിരയുന്നവരുടെ എല്ലാവിവരങ്ങളും പോലീസിന്റെ കൈവശമുണ്ടാകും. അതിനാല്‍ ഏതെങ്കിലും സ്ഥലത്ത് സ്ത്രീകള്‍ക്കെതിരേ അതിക്രമം നടന്നാല്‍ കുറ്റവാളിയെ കണ്ടെത്താനും ഇത് പോലീസിനെ സഹായിക്കും നീര റാവത് വിശദീകരിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് യു.പി. പോലീസ് വിപുലമായ പദ്ധതികള്‍ ആരംഭിക്കുന്നത്. ഡിജിറ്റല്‍ ചക്രവ്യൂഹ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സൈക്കോമെട്രി പ്രൊഫൈലിങ്, പ്രെഡക്ടീവ് അനാലിസിസ് തുടങ്ങിയവയും ബോധവത്കരണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് ആകെ 11.16 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പുതിയ പദ്ധതിയിലൂടെ എല്ലാ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്കും പോലീസിന് എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ലഖ്‌നൗ പോലീസ് തീരുമാനമെടുത്തിരുന്നു. ക്യാമറകളില്‍ പതിയുന്ന സ്ത്രീകളുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുത്ത് അവര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടോ എന്നതടക്കം മനസിലാക്കി പോലീസിന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഈ സംവിധാനം. എന്നാല്‍ ഈ ക്യാമറകള്‍ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.