Sorry, you need to enable JavaScript to visit this website.

'നേപ്പാളിൽ ബിജെപി സർക്കാർ' പ്രസ്താവന: പ്രതിഷേധം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചെന്ന് വിദേശകാര്യമന്ത്രി

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

നേപ്പാള്‍- അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് വ്യാപിക്കാനും അവിടങ്ങളിൽ സർക്കാർ രൂപീകരിക്കാനും ബിജെപിക്ക് പദ്ധതിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നോട് പറഞ്ഞിരുന്നെന്ന ത്രിപുര മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് നേപ്പാൾ. ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചതായി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പ്രസ്താവനയുടെ റിപ്പോർട്ട് ട്വിറ്ററിൽ ഒരാൾ നേപ്പാൾ വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഈ പ്രതികരണമുണ്ടായത്. വിഷയം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായി തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി പ്രസിഡണ്ട് കൂടിയായിരുന്ന സന്ദർഭത്തിൽ തെരഞ്ഞെടുപ്പുകാലത്ത് താനുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെ ഓർമിച്ചെടുക്കുന്നതിനിടയിലാണ് ബിപ്ലബ് ദേബ് ഈ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ വന്നെന്ന് താൻ അറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇനി നേപ്പാളും ശ്രീലങ്കയും മാത്രമാണ് ബാക്കിയെന്നും അവിടേക്ക് വ്യാപിക്കാനും സർക്കാർ രൂപീകരിക്കാനും ബിജെപിക്ക് പദ്ധതിയുണ്ടെന്നുമായിരുന്നു.ഇതിനകം തന്നെ വഷളായിട്ടുള്ള അയൽബന്ധങ്ങളെ കൂടുതൽ പ്രശ്നത്തിലാക്കുന്നതാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന.

Latest News