Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിക്ക് ഇന്ത്യക്കാരെ വേണം; ആറു മാസത്തിനിടെ രണ്ട് ലക്ഷം പേരെത്തി

റിയാദ് - സമൂഹ മാധ്യമങ്ങളിൽ സൗദി അറേബ്യയിലെ പ്രവാസം അവസാനിക്കാറായി എന്ന് മുറവിളി ഉയരുമ്പോഴും ഇന്ത്യയിൽനിന്ന് പുതിയ തൊഴിൽ വിസയിലെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ആറു മാസത്തിനിടെ സൗദിയിലെത്തിയ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ട് ലക്ഷത്തിന്റെ വർധനവുണ്ടെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ എണ്ണം 30,39,193 ആയിരുന്നു. പക്ഷേ സെപ്റ്റംബർ ആയപ്പോഴേക്കും 32,53,901 ആയി ഉയർന്നു. അഥവാ 2,14,708 പേർ പുതുതായി ഇക്കാലയളവിൽ തൊഴിൽ തേടിയെത്തി.
വിദേശി തൊഴിലാളികളുടെമേൽ ലെവിയും ആശ്രിത ലെവിയും നിതാഖാത്തും അടക്കമുള്ള  പരിഷ്‌കാരങ്ങൾ നടപ്പാക്കി വരുമ്പോഴും ഇന്ത്യക്കാർക്കിപ്പോഴും ഇഷ്ട തൊഴിൽ കേന്ദ്രം സൗദി തന്നെയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇക്കാര്യം ഇന്ത്യയിലെ വിസാ ഏജൻസികളും സാക്ഷ്യപ്പെടുത്തുന്നു. സൗദി കമ്പനികൾ തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് മുൻഗണന നൽകുകയും ഇന്ത്യയിലേക്ക് വിസകൾ അയക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് സൗദിയിലേക്കുള്ള റിക്രൂട്ട്‌മെന്റും നടന്നു വരുന്നുണ്ട്. കേരളം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം പേർ പുതിയ വിസയിലെത്തുന്നത്. നിർമാണം, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലയിലേക്കാണ് ഇന്ത്യക്കാരെ കമ്പനികൾ കൂടുതലായും പരിഗണിക്കുന്നത്.
2017 മുതൽ 2020 വരെയുള്ള കാലയളവിൽ ആശ്രിത ലെവിയും 2018 മുതലുള്ള ലേബർ ലെവിയും പ്രഖ്യാപിച്ചപ്പോൾ സൗദിയിലെ പ്രവാസം അവസാനിക്കാറായി എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ മുറവിളി ഉയർന്നിരുന്നത്. പെട്രോളിന്റെ വിലയിടിവിലുണ്ടായ നേരിയ ക്ഷീണം മറികടന്ന് രാജ്യം പെട്രോളിതര വരുമാനങ്ങളിലേക്ക് തിരിഞ്ഞതോടെ പുതിയ പദ്ധതികൾ വരികയും അതോടെ സാമ്പത്തിക രംഗം ഉത്തേജിക്കപ്പെടുകയും ചെയ്തു. 
സർക്കാർ നിർദേശപ്രകാരം തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കമ്പനികൾ മുൻഗണന നൽകുന്നുണ്ടെങ്കിലും വിദേശികൾക്ക് ഇപ്പോഴും അവസരങ്ങൾ തുറന്നു വെച്ചിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം ജോലിക്കാരെ തേടി കമ്പനികൾ പരസ്യം നൽകാനും തുടങ്ങിയിട്ടുണ്ട്.
നിയമ ലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിനിന്റെ ഭാഗമായി ആരംഭിച്ച സുരക്ഷാ സേനയുടെ റെയ്ഡിൽ പിടിക്കപ്പെടുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. ഒമ്പത് മാസത്തോളം നീണ്ട പൊതുമാപ്പിൽ രേഖകളില്ലാത്ത മുപ്പതിനായിരത്തോളം ഇന്ത്യൻ പൗരന്മാർ രേഖകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങി. ഇവരിൽ ഭൂരിഭാഗം പേരും പുതിയ വിസയിൽ സൗദിയിലേക്ക് വരികയാണ്. അതേസമയം ഫൈനൽ എക്‌സിറ്റിൽ പോകുന്നവരുടെ എണ്ണം താരതമ്യേന കുറവുമാണ്. തൊഴിൽ നഷ്ടപ്പെടുന്നവരുണ്ടെങ്കിലും അവർക്ക് വേറെ തൊഴിൽ ലഭിക്കുകയും ചെയ്യുന്നു. സ്വദേശികളെ നിയമിക്കുമ്പോൾ അത്തരം സ്ഥാനത്തിരുന്ന വിദേശികൾക്ക് ജോലി ഇല്ലാതാകുന്നുണ്ടെങ്കിലും അവരെല്ലാം മറ്റു തൊഴിൽ മേഖലയിലേക്ക് ചുവടു മാറുകയാണ്. 

 

Latest News