റോം - സൗദിയിൽ നിന്നുള്ള ഔദ്യോഗിക സംഘം വത്തിക്കാൻ സന്ദർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പയുമായി ചർച്ച നടത്തി.
ഇസ്‌ലാമികകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അല്ലുഹൈദാന്റെ നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാൻ സന്ദർശിച്ചത്. ഇസ്‌ലാമിനെയും ഭീകരതയെയും ബന്ധിപ്പിക്കുന്നത് അംഗീകരിക്കാത്ത, ഫ്രാൻസിസ് മാർപ്പാപ്പയുടെ നീതിപൂർവമായ നിലപാടിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും കൃതജ്ഞത സൗദി സംഘം മാർപ്പാപ്പയെ അറിയിച്ചു.
2007 ൽ അബ്ദുല്ല രാജാവ് വത്തിക്കാൻ സന്ദർശിച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് സൗദി സംഘത്തിന്റെ സന്ദർശനം. അബ്ദുല്ല രാജാവിന്റെ സന്ദർശനത്തിനിടെ വിവിധ മതങ്ങളും സംസ്‌കാരങ്ങളും തമ്മിൽ സംവാദമുണ്ടാകേണ്ടത് പ്രാധാനമാണെന്ന കാര്യത്തിൽ സൗദി അറേബ്യയും വത്തിക്കാനും ധാരണയിലെത്തിയിരുന്നു.
ലോക സമാധാനത്തിന് സൗദി അറേബ്യ പിൻപറ്റുന്ന യുക്തിഭദ്രമായ രാഷ്ട്രീയത്തെയും ബഹുമത സംവാദം പ്രചരിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെയും പോപ്പ് പ്രശംസിച്ചു. വത്തിക്കാൻ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് ഫൈസൽ അൽഖഹ്ത്താനിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.