ന്യൂദല്‍ഹി- പാൻഗോങ്ങിലെ പിൻവങ്ങൽ പ്രക്രിയ ഇന്ത്യക്ക് അനുകൂലമായി ഭവിക്കുമെന്ന അവകാശവാദവുമായി സർക്കാർ വൃത്തങ്ങൾ രംഗത്ത്. ചൈന തന്ത്രപ്രധാനമായ മേഖലകളിൽ നിന്നെല്ലാം പിൻവാങ്ങുമെന്ന് സർക്കാർ വ്യക്തമാക്കി. ചൈനയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ ധാരണകൾ ഇന്ത്യയുടെ കീഴടങ്ങലിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തു വന്നിരുന്നു. മുൻ പ്രതിരോധമന്ത്രി എകെ ആന്റണിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇതേ പ്രശ്നം മുന്നോട്ടു വെക്കുകയുണ്ടായി.
കഴിഞ്ഞ വർഷം മെയ് മാസം മുതൽക്ക് ചൈനയുമായി നടത്തിവന്ന തുടർച്ചയായ സംഭാഷണങ്ങൾക്കൊടുവിലാണ് പിൻവാങ്ങൽ കരാറായത്. സംഭാഷണങ്ങളോട് സഹകരിക്കാതെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയായിരുന്നു ചൈനയുടെ നീക്കങ്ങളെല്ലാം. മാസങ്ങൾ നീണ്ട സംഭാഷണങ്ങൾക്കൊടുവിലാണ് പിൻവാങ്ങൽ കരാറിലെത്തിയത്.
അതെസമയം ഇന്ത്യ കഠിനാധ്വാനം ചെയ്ത് നേടിയ തന്ത്രപരമായ നേട്ടങ്ങൾ വിട്ടുകൊടുക്കുകയാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തടാകത്തിന്റെ കരയിലുള്ള ഹെലിപ്പാഡുകൾ അടക്കമുള്ള ചൈനീസ് നിർമിതികളെല്ലാം നീക്കം ചെയ്യുകയാണ്. മുൻകാലങ്ങളിൽ ചൈനീസ് ഭാഗത്തു നിന്നുള്ള പിൻമാറ്റം ആവശ്യപ്പെടുമ്പോൾ ഇന്ത്യൻ ഭാഗത്തിന്റെ പിൻമാറ്റം തിരിച്ചാവശ്യപ്പെടുകയാണ് പതിവ്. ഇത്തവണ പിന്മാറ്റ തീരുമാനംരണ്ടുകൂട്ടരും ചേർന്നാണ് എടുത്തിരിക്കുന്നത്. അതെസമയം സ്ഥലത്തെ ഇന്ത്യൻ സാന്നിധ്യത്തിൽ മാറ്റം വരുമെന്നും അത് ഏതൊരു പിൻമാറ്റ കരാറിന്റെയും പരിണിതഫലമാണെന്നും ഇന്ത്യ പറയുന്നു.
ഇത് തെറ്റായ ഒരു കീഴ്‍വഴക്കമാണ് സൃഷ്ടിക്കുന്നതെന്നായിരുന്നു എകെ ആന്റണിയുടെ പ്രസ്താവന.പിൻവാങ്ങൽ വ്യവസ്ഥകളും പാൻഗോങ് ത്സോയിലെ ബഫർ സോൺ രൂപീകരണവുമെല്ലാം ഇന്ത്യയുടെ താൽപര്യങ്ങളെ അടയറ വെക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന മുമ്പോട്ടു വെച്ച വ്യവസ്ഥകളെ അംഗീകരിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ സ്ഥിതി പുനഃസ്ഥാപിക്കാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളതെന്ന് വിശദാീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
"ഇതേ രീതിയിൽ മറ്റ് പ്രദേശങ്ങളിലും (ഡെസ്പാങ്, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര, സിക്കിം, അരുണാചൽ...) ബഫർ സോണുകൾ സൃഷ്ടിക്കപ്പെടുകയാണെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. സർക്കാരിന് അപകരം മനസ്സിലാകുന്നില്ല. അവർ പിൻവാങ്ങലിന്റെയും ബഫർ സോൺ സൃഷ്ടിയുടെയും കീഴ്‍വഴക്കം സൃഷ്ടിക്കുകയാണ്. താൽപര്യങ്ങളെ അടിയറ വെക്കുകയാണ്," മുൻ പ്രതിരോധ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. "ഗാൽവൻ താഴ്‍വര ഒരുകാലത്തും തർക്കപ്രദേശമായിരുന്നില്ല. പുതിയ റോഡിന്റെ പണി പൂർത്തിയാവുകയും ഇന്ത്യൻ ആർമി അവിടെ ഉണ്ടായിരിക്കുകയും ചെയ്താൽ ഏതൊരു ഘട്ടത്തിലും നമുക്ക് കാരക്കോറം പാസ്സിലേക്കും ചൈനയുടെ മറ്റ് തന്ത്രപരമായി പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്കും എത്തിച്ചേരാനാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയ്ക്ക് വേണമെങ്കിൽ സിയാച്ചിൻ ഗ്ലേസിയർ പിടിച്ചെടുക്കാൻ പാകിസ്താനെ സഹായിക്കാൻ പോലും കഴിയുമെന്ന് വന്നിരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയോട് ഭീരുവായ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി രംഗത്തു വന്നിരുന്നു.