Sorry, you need to enable JavaScript to visit this website.

കനയ്യ കുമാര്‍ സിപിഐ വിട്ട് ജെഡിയുവിലേക്കോ? നിതീഷിന്റെ വിശ്വസ്തനെ കണ്ടു

പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി സി.പി.ഐ. നേതാവ് കനയ്യകുമാര്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചൗധരിയുടെ പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സി.പി.ഐ. വിട്ട് ജെ.ഡി.യു.വില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി.ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കനയ്യ സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമാണ്. എന്നാല്‍, പാര്‍ട്ടി സംസ്ഥാനനേതൃത്വവുമായി അകല്‍ച്ചയിലാണ് കനയ്യ. കനയ്യയുടെ അനുയായികള്‍ സി.പി.ഐ. പട്‌ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതും ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിവിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.
മറ്റു പാര്‍ട്ടികളില്‍നിന്ന് നേതാക്കളെയും എം.എല്‍.എ.മാരെയും അടര്‍ത്തിയെടുക്കുന്നതിന് നിതീഷ് ആശ്രയിക്കുന്ന നേതാവാണ് മന്ത്രി അശോക് ചൗധരി. അടുത്തിടെ ബി.എസ്.പി.യുടെ ഏക എം.എല്‍.എ.യെയും ഒരു സ്വതന്ത്ര എം.എല്‍.എ.യെയും ജെ.ഡി.യു. പക്ഷത്തേക്ക് കൊണ്ടുവന്നതും ചൗധരിയായിരുന്നു. ഇവരെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ മന്ത്രിമാരാക്കി. ചൗധരിയുടെ ഈ പശ്ചാത്തലവും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെ.ഡി.യു.വിന്റെ 'അച്ചടക്കമുള്ള നേതാവായി' മാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെ.ഡി.യു. വക്താവ് അജയ് അലോക് പറഞ്ഞു. എന്നാല്‍, കൂടിക്കാഴ്ചയ്ക്കുപിന്നില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദസന്ദര്‍ശനം മാത്രമാണെന്നും ഇരുവരുടെയും അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
 

Latest News