ന്യൂദല്‍ഹി- നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം തന്നെ നാല് ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജീവനക്കാരുടെ യൂണിയനുകളില്‍നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു തീരുമാനം തല്‍ക്കാലം മരവിപ്പിക്കുകയായിരുന്നു. ജീവനക്കാര്‍ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവല്‍ക്കരിക്കാനാണ് സാധ്യത. ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ഓഹരികള്‍ വില്‍ക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് തൊഴിലാളികള്‍ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്.