ന്യൂദല്‍ഹി- ഓണ്‍ലൈനില്‍ സോഫ വില്‍ക്കാന്‍ ശ്രമിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിദ കെജ്‌രിവാളിനെ കബളിപ്പിച്ച് പണം തട്ടിയ മൂന്നു പേര്‍ പിടിയിലായി. ഹരിയാന സ്വദേശി സാജിദ്, മഥുര സ്വദേശികളായ കപില്‍, മന്‍വീന്ദര്‍ സിങ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
34,000 രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിയായ വാരിസ് രക്ഷപ്പെട്ടു. ഹര്‍ഷിദ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സോഫ വില്‍പനക്ക് വെച്ചിരുന്നു. ഇത് വാങ്ങാനെന്ന വ്യാജേന വാരിസാണ് ഇവരെ കബളിപ്പിച്ചതെന്നും മറ്റു മൂന്നുപേര്‍ കമീഷന്‍ അടിസ്ഥാനത്തില്‍ ഇയാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഹര്‍ഷിദ നല്‍കിയ അക്കൗണ്ടിലേക്ക് ആദ്യം ചെറിയൊരു തുക ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വാരിസ് ഒരു ക്യു.ആര്‍ കോഡ് അയച്ചുകൊടുത്തു. ഇത് സ്‌കാന്‍ ചെയ്താല്‍ കച്ചവടമുറപ്പിച്ച കാശ് മുഴുവനായി അക്കൗണ്ടില്‍ ലഭിക്കുമെന്നറിയിച്ചു. ഹര്‍ഷിദ ഇയാള്‍ പറഞ്ഞതുപോലെ ചെയ്തപ്പോള്‍ അക്കൗണ്ടില്‍നിന്ന് 20,000 രൂപ പിന്‍വലിക്കപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ക്യുആര്‍ കോഡ് മാറിപ്പോയതാണെന്ന് പുതിയ കോഡ് അയച്ചു. ഇതനുസരിച്ച് ചെയ്തപ്പോള്‍ വീണ്ടും 14,000 രൂപ നഷ്ടപ്പെടുകയായിരുന്നു.
ആഗ്രയിലുള്ള കപില്‍ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ സംഘം നടത്തിയതായും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ മലയാളികളും പരാതികളുമായി രംഗത്തുവന്നിരുന്നു. കേരള പോലീസ് ഇത്തരം പരാതികള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കെജ് രിവാളിന്റെ മകള്‍ക്ക് പണം നഷ്ടമായ ഇതേ പ്ലാറ്റ്‌ഫോം വഴി കട്ടില്‍ വില്‍ക്കാനാന്‍ ശ്രമിച്ച എറണാകുളം ജില്ലയിലെ ഒരു വികലാംഗന് പണം നഷ്ടമായിരുന്നു. നാട്ടുകാര്‍ സഹായമായി നല്‍കിയ 85,000 രൂപയാണ് നഷ്ടപ്പെട്ടത്.