ന്യൂദൽഹി- റ്യാൻ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥി പ്രഥുമാൻ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചതായി കേസിൽ ആദ്യം പിടിയിലായ ബസ് കണ്ടക്ടർ അശോക് കുമാർ. കേസിലെ യഥാർത്ഥ പ്രതി സ്‌കൂളിലെ തന്നെ വിദ്യാർഥിയെ സി.ബി.ഐ പിടികൂടിയതിനെ തുടർന്നാണ് അശോക് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ അശോക് കുമാർ ഇന്നലെ വൈകിട്ട് ഗാംരോജ് ഗ്രാമത്തിലെ വീട്ടിലെത്തി. പോലീസ് തന്നെ അടിക്കുകയും കുത്തുകയും ചെയ്തുവെന്ന് അശോക് കുമാർ ആരോപിച്ചു. കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണ് അതിക്രൂരമായ മർദനം പോലീസ് അഴിച്ചുവിട്ടത്. സെപ്തംബർ എട്ടിനാണ് അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ ലൈംഗീക പീഡനത്തിനിടെ വിദ്യാർഥി കൊല്ലപ്പെട്ടുവെന്നായിരുന്നു അശോക് കുമാറിനെതിരെ ചുമത്തിയ കുറ്റം. അരലക്ഷം രൂപ കെട്ടിവെച്ചാണ് അശോക് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്. ഈ തുക ഗ്രാമവാസികൾ പിരിച്ചെടുത്ത് നൽകുകയായിരുന്നു.
ജയിലിൽ താൻ നേരിട്ട പീഡനത്തെ പറ്റി ഒന്നും പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അശോക് കുമാർ. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായി അശോക് കുമാർ പറഞ്ഞു.