ന്യൂദല്‍ഹി- കര്‍ഷക സമരത്തെ പിന്തുണക്കുന്നത് കുറ്റകൃത്യമല്ലെന്നും 21 കാരി ദിഷ രവിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തിനുനേരെ നടന്ന ആക്രമണമാണെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചു.
കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ദിഷ രവിയെ ദല്‍ഹി പോലീസ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ബംഗളൂരു പോലീസിനെ പോലും അറിയിക്കാതെ ദല്‍ഹി പോലീസ് നടത്തിയ അറസ്റ്റ് ബി.ജെ.പി നേതാക്കളും സംഘ്പരിവാറും സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നതിനിടെയാണ് കെജ് രിവാളിന്റെ ട്വീറ്റ്. രാജ്യദ്രോഹം നടത്തിയാല്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും ഇത് എല്ലാവര്‍ക്കും പാഠമായിരിക്കട്ടെയെന്നാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. ദിഷയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വിഡിയോയും പങ്കുവെക്കുന്നു.
ദിഷ രവി അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍; ആരാണീ 21 കാരി
ടൂൾ കിറ്റ് കേസ്: നിഖിത ജേക്കബിനും ശന്തനുവിനും എതിരെ അറസ്റ്റ് വാറണ്ട്
ദിഷയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ് ഖാലിസ്ഥാനി വാദികളുടെ ഗൂഢാലോചനയുടെ ഭാഗമായ ടൂള്‍കിറ്റില്‍ 22കാരിയായ ദിഷ മാറ്റം വരുത്തി പ്രചരിപ്പിച്ചു എന്നാണ് പോലീസിന്റെ ആരോപണം. ബാംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദിഷയെ ദല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. കോടതിയില്‍ വിദ്യാര്‍ഥിനി പൊട്ടിക്കരഞ്ഞിരുന്നു.
ഗൂഗിള്‍ ഡോക്യുമെന്റ് ടൂള്‍കിറ്റ് എഡിറ്റ് ചെയ്തവരില്‍ പ്രധാനിയാണ് ദിഷ രവി എന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ടൂള്‍കിറ്റിന്റെ പിന്നില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കര്‍ഷക സമരത്തെ പിന്‍തുണയ്ക്കുക മാത്രമായിരുന്നെന്നും ദിഷ രവി പറഞ്ഞു.
ടൂള്‍കിറ്റിന്റെ ഭാഗമായ രേഖയില്‍ ഫെബ്രുവരി മൂന്നിന് രണ്ട് വരി എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ദിഷ വ്യക്തമാക്കി. ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ദിഷ രവിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ദല്‍ഹി പോലീസ് അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞത്. ടൂള്‍കിറ്റ് രൂപീകരണത്തിനായി ദിഷ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇത് തയാറാക്കിയവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നുമാണ് ദല്‍ഹി പോലീസ് ആരോപിക്കുന്നത്.
പോയറ്റിക് ജസ്റ്റീസ് എന്ന ഖാലിസ്ഥാനി സംഘടനയിലും ഭീകരനായ ഗുര്‍പത്‌വന്ത് സിംഗ് പന്നു എന്നയാളുമായും ദിഷ രവിക്ക് ബന്ധം ഉണ്ടെന്നും പോലീസ് പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പടെ ഈ ഗൂഢാലോചനയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രേറ്റ തുന്‍ബെര്‍ഗ് പങ്ക് വെച്ച ടൂള്‍കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി ഗ്രൂപ്പുകളാണെന്നാണ് ദല്‍ഹി പോലീസ് പറയുന്നത്.
ദിഷ രവിയുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കള്ളപ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്ന് ദിഷയുടെ സഹോദരി ട്വീറ്റ് ചെയ്തു. ദിഷയുടെ അക്കൗണ്ടില്‍നിന്നാണ് വലിയ ഗൂഡാലോചനയാണ് നടന്നതെന്നും വ്യാജ പ്രചാരണങ്ങള്‍ കരുതിയരിക്കണമെന്നും ട്വീറ്റ് ചെയ്തിരിക്കുന്നത്.