ശ്രീഹരിക്കോട്ട- ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കാനിരിക്കുന്ന സാറ്റലൈറ്റിൽ ഭഗവദ് ഗീത, നരേന്ദ്രമോദിയുടെ ചിത്രം എന്നിവയുമുണ്ടാകും. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിലാണ് ഇവയുണ്ടാവുക. കുട്ടികളിൽ ബഹിരാകാശ ശാസ്ത്ര അഭിരുചി വളർത്താൻ ലക്ഷ്യമിട്ട് ഇതേ സാറ്റലൈറ്റിൽ 25,000 ആളുകളുടെ പേരുകളും ബഹിരാകാശത്തെത്തിക്കും. സതീഷ് ധവാൻ സാറ്റലൈറ്റ് അഥവാ എസ്ഡി സാറ്റ് എന്നാണ് ഈ ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.
സ്പേസ് റേഡിയേഷനെക്കുറിച്ച് പഠിക്കാനുള്ള ഒരു ശാസ്ത്രീയ സംവിധാനവും മാഗ്നെറ്റോസ്ഫിയറിനെക്കുറിച്ച് പഠിക്കാനുള്ള സംവിധാനവും ഈ ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം ആത്മനിർഭർ ഭാരത് തുടങ്ങിയ പദങ്ങളും ചേർക്കുമെന്ന് സ്പേസ്കിഡ്സ് ഇന്ത്യ സിഇഒ ഡോ. ശ്രീമതി കേശൻ പറയുന്നു. സാറ്റലൈറ്റ് പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ്. "ബഹിരാകാശത്ത് അയക്കുന്ന ഞങ്ങളുടെ ആദ്യത്തെ സാറ്റലൈറ്റാണിത്. പൊതുജനങ്ങൾ നിർദേശിച്ച 25,000 പേരുകളാണ് ചേർത്തിരിക്കുന്നത്. ഇതിൽ 1000 പേർ വിദേശത്തു നിന്നാണ്. ജനങ്ങളിൽ ബഹിരാകാശ ശാസ്ത്രത്തോട് ആഭിമുഖ്യം വളർത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം," ഡോ. ശ്രീമതി കേശൻ പറയുന്നു.