കൊൽക്കത്ത- ഭാരതീയ ജനതാ പാർട്ടിയെ അയൽരാജ്യങ്ങളിലേക്കു കൂടി വളർത്താനുള്ള പദ്ധതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നോട് പങ്കുവെച്ചിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാരുകൾ രൂപീകരിക്കാൻ പരിപാടിയുണ്ടെന്നാണ് തന്നോട് പറഞ്ഞത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും അതിനു ശേഷം കടൽകടന്ന് വിദേശരാജ്യങ്ങളിലേക്കു കൂടി വ്യാപിക്കുകയും ഷായുടെ ലക്ഷ്യമാണെന്നും ബിപ്ലബ് പറഞ്ഞു. 2018ൽ ത്രിപുര അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഒരു കൂടിക്കാഴ്ചയിലാണ് ഷാ ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബിപ്ലബ് ദേബ് വ്യക്തമാക്കി.
"ഞങ്ങൾ സംസ്ഥാന ഗസ്റ്റ് ഹൌസിൽ വെച്ച് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് അജയ് ജംവാൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇതിന് മറുപടിയായി അമിത് ഷാ, ഇനി ശ്രീലങ്കയും നേപ്പാളും മാത്രമാണ് ബാക്കി എന്ന് പറഞ്ഞു. നമുക്ക് പാർട്ടിയെ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും വ്യാപിപ്പിക്കണമെന്നും അവിടെ വിജയിച്ച് സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു," ബിപ്ലബ് ദേബ് വിശദീകരിച്ചു.
ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാക്കി അമിത് ഷാ മാറ്റിയെന്ന് പറഞ്ഞ ബിപ്ലബ് ദേബ് അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിച്ചു. കേരളത്തിൽ ഇടതും വലതും മാറിമാറി വരുന്ന പ്രവണത ബിജെപി അവസാനിപ്പിക്കുമെന്നും ദക്ഷിണേന്ത്യയിലാകെ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിനെ തങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിപ്ലബിന്റെ വിടുവായത്തം അദ്ദേഹത്തെ മുമ്പും വിവാദങ്ങളിൽ ചാടിച്ചിട്ടുണ്ട്. മഹാഭാരതകാലത്ത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ഉണ്ടായിരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തത്.