റിയാദ് - സൗദിയില്‍ നിയമലംഘകര്‍ക്ക് ശിക്ഷാ നടപടികളില്ലാതെ രാജ്യം വിടാന്‍ അനുവദിച്ച പൊതുമാപ്പ് അവസാനിച്ച ശേഷമുള്ള ആദ്യത്തെ ഒരാഴ്ചക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകളില് 51,292 നിയമ ലംഘകര്‍ പിടിയിലായി. ഇവരില്‍ 29,761 പേര് ഇഖാമ നിയമ ലംഘകരും 10,020 പേര് നുഴഞ്ഞുകയറ്റക്കാരും 11,511 പേര് തൊഴില്‍ നിയമ ലംഘകരുമാണ്.
ഒരാഴ്ചക്കിടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 756 പേരെ പിടികൂടി. ഇവരില്‍ 564 പേരെ നാടുകടത്തി. അതിര്‍ത്തി വഴി അനധികൃതമായി സൗദിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് ശ്രമിച്ച 11 പേരെയും ഇക്കാലയളവില്‍ പിടികൂടി.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്കിയ 281 പേര് ഒരാഴ്ചക്കിടെ പിടിയിലായി. നിയമ ലംഘകരെ സഹായിച്ച 39 സൗദികളെയും പിടികൂടി. ഇവരില്‍ ഒമ്പതു പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. മുപ്പതു പേര്‍ക്കെതിരായ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
സുരക്ഷാ വകുപ്പുകളുടെ പിടിയിലായ 1,308 വനിതകള്‍ അടക്കം 10,905 നിയമ ലംഘകര്‍ക്കെതിരെ വിദേശി നിരീക്ഷണ വകുപ്പുകള്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 7,075 നിയമ ലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി. 5,038 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ക്ക് 4,148 പേരെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. നാടുകടത്തുന്നതിന് 4,616 പേര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.