Sorry, you need to enable JavaScript to visit this website.

ദിഷ രവി അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍; ആരാണീ 21 കാരി

ന്യൂദല്‍ഹി- കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതിന് 21 കാരിയായ കാലാവസ്ഥാ പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ന്നാണ് ദല്‍ഹി പോലീസ് ദിഷയെ കസ്റ്റഡിയിലെടുത്തത്. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
ജനുവരി 26 ന്  റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയിലെ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ടൂള്‍കിറ്റും ദല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായത്.
ടൂള്‍കിറ്റ് എഡിറ്റുചെയ്തതായി ആരോപിക്കപ്പെടുന്ന ദിഷയെ ഇന്നു പുലര്‍ച്ചെ ബംഗളൂരുവിലെ സോളദേവനഹള്ളിയിലുള്ള വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ദിഷാ രവി ഇന്ത്യയിലെ െ്രെഫഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ (എഫ്എഫ്എഫ്) കാമ്പയിനിന്റെ സ്ഥാപകരില്‍ ഒരാളാണ്. പരിസ്ഥതി സംരക്ഷണ മുദ്രാവാക്യമുയര്‍ത്തി എല്ലാ വെളളിയാഴ്ചയും സ്‌കൂളുകളില്‍ സമരം സംഘടിപ്പിക്കുന്ന െ്രെഫഡേസ്‌ഫോര്‍ഫ്യൂച്ചര്‍ 2018 ല്‍ ഗ്രേറ്റ തുന്‍ബെര്‍ഗാണ് ആരംഭിച്ചത്.
സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തകയായ തുന്‍ബെര്‍ഗ് ഫെബ്രുവരി മുന്നിന് ട്വിറ്ററില്‍ പങ്കുവെച്ചതാണ് ടൂള്‍കിറ്റ്. എന്നാല്‍ ഖലിസ്ഥാന്‍ അനുകൂല സേനയാണ് ടൂള്‍കിറ്റ് സൃഷ്ടിച്ചതെന്ന് ദല്‍ഹി പോലീസ് ആരോപിക്കുന്നു. മോഡി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ജനുവരി 26നോ അതിനുമുമ്പോ ഡിജിറ്റല്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഗ്രേറ്റ പങ്കുവെച്ച ടൂള്‍ കിറ്റ്. ഒറിജിനല്‍ ടൂള്‍ കിറ്റ് ഇപ്പോള്‍ കാണാനില്ല.
ടൂള്‍കിറ്റിന്റെ സ്രഷ്ടാവ് ആരെന്ന് ഇതുവരെ അറിവായിട്ടുമില്ല. ട്വിറ്ററില്‍ പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിക്കുക, ഇന്ത്യന്‍ എംബസികള്‍ക്ക് പുറത്ത് പ്രതിഷേധം നടത്തുക എന്നിവ ഉള്‍പ്പെടെയുള്ള സമര പരിപാടികളാണ്  ടൂള്‍കിറ്റിലെ  പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

 

Latest News