കോട്ടയം- ഇടതുമുന്നണിയും എന്‍.സി.പിയും വിട്ട മാണി സി.കാപ്പന് ശക്തിപ്രകടനം നടത്തി യു.ഡി.എഫിന്റെ
ഐശ്വര്യ കേരള യാത്രാവേദിയിലെത്തി. മുന്നണി നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാപ്പനെ സ്വീകരിച്ചത്.
കാപ്പന് വരുന്നതു തലയെടുപ്പുള്ള ആനയെ പോലെയെന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്.
നല്ല വലിപ്പമുള്ള കാപ്പന്, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇതു വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയ വീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് പാലാ സീറ്റെടുത്ത് തോറ്റവനു കൊടുക്കാന്‍ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതുകൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങു പോന്നൂ.
ഇടതു മുന്നണിയില്‍നിന്നു ധാരാളം പേര് യുഡിഎഫിലേക്കു വരുന്നുണ്ട്. ഗുരുവായൂരില്‍ വന്‍സംഘം വന്നു. തിരുവനന്തപുരത്തെത്തുമ്പോള്‍ ഇനിയും വരും. അടുത്തതു യുഡിഎഫിന്റെ ഭരണമാണ്. വ്യക്തമായ മാനിഫെസ്റ്റോ വെച്ചാണ് യുഡിഎഫ് മുന്നോട്ടു പോകുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ല എന്നതു കോണ്‍ഗ്രസിന്റെ ദേശീയ നയമാണ്. അതു പിണറായി വിജയന് പറഞ്ഞതില്‍ സന്തോഷം. അതുപോലെ ശബരിമല നിയമം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്- പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മാണി സി കാപ്പന് നടത്തിയത്. ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ. മാണിയെ ലഭിച്ചതോടെ ഇടതുമുന്നണി വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.