ചരമ്പ- ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ കോവിഡിനെതിരെയ വ്യക്തിഗത സംരക്ഷണ (പിപിഇ) കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തക യാചിക്കാനിറങ്ങിയത് കൗതുകമായി.
ഗ്രാമതലത്തിലുള്ള വനിതാ ആരോഗ്യ പ്രവര്‍ത്തകയാണ് ചരമ്പയിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തിയത്.
തന്നെപ്പോലുള്ള നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുനരധിവാസം നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് അശ്വിനി പാദിയെന്ന ജീവനക്കാരി വേറിട്ട സമരരീതി പരീക്ഷിച്ചത്.
പുനരധിവാസം ആവശ്യപ്പെട്ട് നൂറുകണക്കിന് സഹായ നഴ്‌സിംഗ് ജീവനക്കാര്‍ കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിലെ പിഎംജി സ്‌ക്വയറില്‍ ധര്‍ണ തുടരുകയാണ്. കടുത്ത തണുപ്പിനെ വകവെക്കാതെയാണ് ഇവരുടെ സമരം.
കോവിഡ് മഹാമാരി രൂക്ഷമായ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തിലാണ് അശ്വിനി പാദിയെയും മറ്റ് സ്ത്രീകളെയും നിയമിച്ചത്.
കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുകയും സംസ്ഥാനത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ചെയ്തതോടെ ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചു.
കഴിഞ്ഞ ഡിസംബര്‍ 31 ന് കാലാവധി കഴിഞ്ഞതിന് ശേഷം കരാര്‍ പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഫണ്ടില്ലെന്ന കാരണമാണ് ഒഡീഷ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴിലില്ലാതായി.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കോവിഡ് പോരാളികളായാണ് സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളെ നിയമിച്ചത്. കോവിഡ് രോഗികളുമായി അടുത്ത് പ്രവര്‍ത്തിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കി. ഒന്‍പത് മാസത്തോളം ജോലി ചെയ്ത ശേഷം പുനരധിവാസം ഉറപ്പാക്കാതെയാണ് സര്‍ക്കാര്‍ ഞങ്ങളെ പിരിച്ചുവിട്ടത്- അശ്വിനി പാദി പാദ പറഞ്ഞു.
സംസ്ഥാനത്തെ 8,000 ത്തോളം പാരാമെഡിക്കുകളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കണം. ഞങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിലുടെ സംസ്ഥാനത്ത് എല്ലായിടത്തും യാചിക്കുന്നതിലൂടെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കും- അവര്‍ മുന്നറിയിപ്പ് നല്‍കി.