ന്യൂദൽഹി- ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ്‍ക്ലിക്കുമായി ബന്ധപ്പെട്ട പത്ത് സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. തുടർച്ചയായി അഞ്ചാം ദിവസമാണ് ന്യൂസ്‍ക്ലിക്കിലെ റെയ്ഡ് തുടരുന്നത്. സാധാരണഗതിയിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇത്തരം റെയ്ഡുകൾ അവസാനിക്കാറുള്ളതാണ്. എന്നാൽ ഒന്നോ രണ്ടോ ദിവസം കൂടി റെയ്ഡ് തുടർന്നേക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്.
ഇടതുപക്ഷ നിലപാടുള്ള വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയ്ഡ് തുടങ്ങിയത്. കമ്പ്യൂട്ടുറുകളും രേഖകളുമെല്ലാം ഇഡി പിടിച്ചെടുത്തതായി ന്യൂസ്ക്ലിക്ക് പറയുന്നു. ഈ വിഷയത്തിൽ ഇഡി ഇതുവരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. മോദി സർക്കാരിനെതിരെ തുടർച്ചയായി വിമർശനങ്ങളുന്നയിക്കുന്നതാണ് ഇഡി നീക്കത്തിനു പിന്നിലെന്ന് ന്യൂസ്ക്ലിക്ക് പറയുന്നു. സിപിഐഎമ്മും എഡിറ്റേഴ്സ് ഗിൽഡും ഇഡിയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
അതെസമയം തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ന്യൂസ്ക്ലിക്ക് എഡിറ്റർമാരായ പ്രബിർ പുർകായസ്ത, ഗീതാ ഹരിഹരൻ എന്നിവർ സമ്മതിക്കാത്തതു കൊണ്ടാണ് റെയ്ഡ് ഇത്രയും നീണ്ടതെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഇക്കാരണത്താൽ അവരുടെ വീടുകളിൽ തന്നെയിരുന്ന് തങ്ങൾക്ക് കാര്യങ്ങൾ ചെയ്യേണ്ടതായി വരുന്നു. ഇമെയിൽ ബാക്കപ്പ് എടുക്കാൻ സമയം ഏറെ എടുക്കുന്നുണ്ടെന്നും ഇഡി വ്യക്തമാക്കി. അതെസമയം തങ്ങളുടെ കമ്പ്യൂട്ടറുകൾ അടക്കമുള്ള എല്ലാ ഉപകരണങ്ങളും ഇഡി പിടിച്ചെടുത്തെന്നും ഇക്കാരണത്താൽ ജോലി തുടരാനും മാധ്യമങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളോട് വേണ്ടവിധം പ്രതികരിക്കാനും സാധിക്കുന്നില്ലെന്ന് ന്യൂസ്ക്ലിക്ക് ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. ഇഡിയുടെ തന്നെ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എഡിറ്റർമാർ പുറത്തിറങ്ങാൻ കഴിയാത്ത വിധം കുടുങ്ങിയിരിക്കുകയാണ് എന്നാണ്. 111 മണിക്കൂർ നീണ്ട റെയ്ഡിനു ശേഷം പുർകായസ്തയുടെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയത്.
ന്യൂസ്‌ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥ ജെഎൻയു വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടയാളാണ്. പുരോഗമനപരവും സ്വതന്ത്രവുമായ ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഇഡി റെയ്ഡിലൂടെ നടക്കുന്നതെന്ന് ന്യൂസ്ക്ലിക്ക് പ്രതികരിക്കുന്നു.
എന്നാൽ ന്യൂസ്ക്ലിക്കിന് യുഎസ്സിൽ നിന്ന് ലഭിച്ച 30 കോടി രൂപയുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് തങ്ങൾ നടത്തുന്നതെന്നാണ് ഇഡിയുടെ വാദം. എന്നാൽ തങ്ങൾക്ക് യാതൊന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാക്കാര്യങ്ങളും നിയമപരമായ രീതിയിലാണ് കൊണ്ടുപോകുന്നതെന്നും ന്യൂസ്ക്ലിക്ക് പറയുന്നു. സൗത്ത് ദല്‍ഹിയിലെ സൗലാജാബിലാണ് ന്യൂസ്ക്ലിക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്.