നാസിക് - ശബ്ദാതിവേഗ മിസൈലായ ബ്രഹ്‌മോസ്, സുഖോയ്-30 യുദ്ധവിമാനത്തിൽനിന്ന് വിജയകരമായി പരീക്ഷിച്ച് മിസൈൽ പ്രതിരോധ രംഗത്ത് ചരിത്ര നേട്ടവുമായി ഇന്ത്യ. ഒരു ദീർഘദൂര പോർ വിമാനത്തിൽ ശബ്ദാതിവേഗ മിസൈൽ ഘടിപ്പിക്കുന്നത് ലോകത്തെ തന്നെ ആദ്യ സംഭവമാണ്. അതുകൊണ്ടു തന്നെ ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തം.
വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യ സ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. സൂപ്പർ സോണിക് ബ്രഹ്‌മോസ് മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്റർ വേഗമാണ് ഉള്ളത്. കരയിൽ നിന്നും കടലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്‌മോസിന്റെ വിവിധ രൂപങ്ങൾ സേനക്ക് സ്വന്തമായുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു ബ്രഹ്‌മോസ്-സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും പങ്കാളികളായി.
ബ്രഹ്‌മോസ് മിസൈൽ ഇന്ത്യയും റഷ്യയും ചേർന്നാണ് വികസിപ്പിച്ചത്. ഇന്ത്യൻ നാവികസേനയുടെ മുൻനിര പോരാളികളായ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്ക് കരയാക്രമണ ബ്രഹ്‌മോസ് വിക്ഷേപിക്കാൻ ശേഷിയുണ്ട്. മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ കപ്പലുകളിൽനിന്നു ബ്രഹ്‌മോസ് മിസൈലുകൾ തൊടുക്കാനാകും. ഒപ്പം ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് കൃത്യമായി അയക്കാനും കഴിയും.
അമേരിക്കയുടെ പക്കലുള്ള ക്രൂസ് മിസൈലിനേക്കാൾ മൂന്ന് മടങ്ങിലേറെ വേഗവും ഒൻപത് മടങ്ങ് ഗതികോർജവും ഉള്ളതാണ് ബ്രഹ്മോസ്. 600 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിൽ 400 കിലോമീറ്റർ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും വെല്ലാൻ ലോകത്ത് വേറെ ക്രൂസ് മിസൈലുകളില്ല.
എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരാനും എത്ര വലിയ ലക്ഷ്യമായാലും പൂർണ്ണമായും തകർക്കാനും ബ്രഹ്‌മോസിന് കഴിയും. കേരളത്തിലും ബ്രഹ്‌മോസിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇവ ഹൈദരാബാദിലാണ് കൂട്ടിച്ചേർത്തത്.