Sorry, you need to enable JavaScript to visit this website.

ബോസ്‌നിയൻ മുസ്ലിം കൂട്ടക്കൊല: റാത്‌കോ മിലെദെച്ചിന് ജീവപര്യന്തം

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാകാനെത്തുന്ന റാത്‌കോ മിലെദിച്ച്.
  • സെർബ് മിലിട്ടറി കമാണ്ടർ റാത്‌കോ മിലെദിച്ച് കുറ്റക്കാരനെന്ന് യു.എൻ ട്രൈബ്യൂണൽ
  • മാനവരാശി കണ്ട ഏറ്റവും ഹീനകൃത്യം

ദ ഹേഗ് - ബോസ്‌നിയൻ യുദ്ധത്തിനിടെ കൂട്ടക്കൊലകൾക്കും വംശീയ ഉന്മൂലനത്തിനും നേതൃത്വം നൽകിയ സെർബ് മിലിട്ടറി കമാണ്ടർ റാത്‌കോ മിലെദെച്ചിന് യു.എൻ ട്രൈബ്യൂണൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വിധിന്യായം വായിക്കും മുമ്പ് കോടതിയിൽ ക്ഷുഭിതനായി പ്രതികരിച്ച മിലെദിച്ചിനെ പുറത്തേക്ക് കൊണ്ടുപോയ ശേഷമാണ് ജഡ്ജി തീരുമാനം അറിയിച്ചത്. രക്തസമ്മർദ പരിശോധനക്ക് കൊണ്ടുപോയെന്ന് പറഞ്ഞ് മിലെദെച്ച് കോടതി മുറിയിലെത്താൻ വൈകിയതും വിധിന്യായം വായിക്കുന്നത് താമസിപ്പിച്ചു.
നിങ്ങളെല്ലാം നുണയന്മാരാണ്, ഇതെല്ലാം നുണയാണ് എന്ന് മിലെദെച്ച് കോടതി മുറിയിൽ വിളിച്ചു പറഞ്ഞതോടെയാണ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്. 74 കാരനായ മിലെദെച്ചിനെതിരെ ചുമത്തിയ 11 കുറ്റങ്ങളിൽ പത്തിലും ഇയാളെ കുറ്റക്കാരനായി കോടതി കണ്ടെത്തി. സെബ്രനിസയിൽ എണ്ണായിരം മുസ്‌ലിം പുരുഷന്മാരെയും ആൺകുട്ടികളെയും കൊലപ്പെടുത്തിയതും തലസ്ഥാനമായ സരായെവോയിൽ 43 മാസം നീണ്ട ഉപരോധത്തിനിടെ പതിനായിരത്തോളം സാധാരണ പൗരന്മാരെ ഷെല്ലാക്രമണത്തിലൂടെയും വെടിവെച്ചും കൊലപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയായിരുന്നു സെബ്രനിസയിൽ അരങ്ങേറിയത്. വീടുകളിൽ കയറി ആണുങ്ങളെ മുഴുവൻ പിടികൂടി ബസിലടച്ച് കൊണ്ടുപോയി കൂട്ടക്കുരുതി നടത്തുകയായിരുന്നു സെർബ് പട്ടാളം. മാനവരാശി കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും ഹീനമായ കൃത്യങ്ങളിലൊന്നാണിതെന്ന് ബെഞ്ചിന്റെ അധ്യക്ഷനായ ജഡ്ജി അൽഫോൻസ് ഒറി വിശേഷിപ്പിച്ചു. കൊല്ലപ്പെടും മുമ്പ് ഇരകൾ ക്രൂരപീഡനത്തിനിരയായി. അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും സെർബ് ഗാനങ്ങൾ പാടിക്കുകയും മർദിക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലാന്നായിരുന്നു മിലെദെച്ചിന്റെ ഭാഷ്യം. ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം അറിയിച്ചു. 
ബോസ്‌നിയയിലെ കൊടുംക്രൂരതകളുടെ പേരിൽ ബോസ്‌നിയയിലെ കശാപ്പുകാരൻ എന്നാണ് മിലെദെച്ച് അറിയപ്പെടുന്നത്. ട്രൈബ്യൂണലിന്റെ മുമ്പിൽ പ്രതികളായുള്ള 161 പേരിൽ ഏറ്റവും ക്രൂരമായ പ്രവൃത്തികളാണ് ഇയാൾ ചെയ്തത്. മുൻ ബോസ്‌നിയൻ സെർബ് രാഷ്ട്രീയ നേതാവായ റദോവൻ കരാദിച്ച്, പരേതനായ സെർബിയൻ പ്രസിഡന്റ് സ്ലോബോദൻ മിലോസെവിച്ച് എന്നിവരോടൊപ്പം കൂട്ട നരഹത്യക്ക് നേതൃത്വം നൽകുകയായിരുന്നു മിലെദെച്ച്. സെബ്രനിസയിലെ നരഹത്യയിൽ മിലെദെച്ചിന്റെ സംഭാവന വളരെ വലുതായിരുന്നെന്ന് വിധിയിൽ നിരീക്ഷിച്ചു. സരായെവോയിലെ അതിദീർഘമായ ബോംബാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഇയാൾ തന്നെ. ബോസ്‌നിയയിൽ മുസ്‌ലിംകളെയും ക്രോട്ടുകളെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണങ്ങളെന്നും വിധിന്യായം ചൂണ്ടിക്കാട്ടുന്നു. 

Latest News