ന്യൂദല്‍ഹി- ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. സഭയില്‍ ഇന്നു പാസാക്കിയ ജമ്മുകശ്മീര്‍ പുനസ്സംഘടനാ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഈ ബില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ബില്ലിനു പിന്നിലെ ഉദ്ദേശങ്ങള്‍ നേരത്തെ വ്യക്തത വരുത്തിയതാണെന്ന് അമിത് ഷാ മറുപടി നല്‍കി. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കില്ലെന്ന് എവിടേയും ആരും പറഞ്ഞിട്ടില്ല. പല എംപിമാരും ഇങ്ങനെ പറയുന്നു. എങ്ങനെയാണ് ഇത്തരമൊരു തീര്‍പ്പിലെത്തിയത്. ഈ ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ഒരു ബന്ധവുമില്ലെന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു.
പുതിയ ഭേദഗതി ബില്ലിലൂടെ ജമ്മു കശ്മീരിലെ ഒരു കേന്ദ്ര ഭരണ പ്രദേശമായി തന്നെ നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.