ന്യൂദൽഹി- ചീഫ് ജസ്റ്റിസായി എസ്എ ബോബ്ഡെ ചുമതലയേറ്റിട്ട് 13 മാസത്തോളമായി. പതിനാല് മാസത്തെ കാലാവധിയാണ് അദ്ദേഹത്തിനുള്ളത്. ഇക്കാലയളവിനിടയിൽ ഇതുവരെയും സുപ്രീംകോടതിയിൽ ഒരു ജഡ്ജിയുടെ നിയമനത്തിനും ശുപാർശ ചെയ്യാൻ ബോബ്ഡെക്കു സാധിച്ചിട്ടില്ല. ജഡ്ജിമാരുടെ നിയമന ശുപാർശ നടത്തേണ്ട കൊളീജിയം സംവിധാനത്തിനകത്തുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.
ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ കൊളീജിയത്തിൽ അദ്ദേഹത്തെക്കൂടാതെ ജസ്റ്റിസുമാരായ എൻവി രമണ, രോഹിൻടൺ നരിമാൻ, യുയു ലളിത്, എഎം ഖാൻവിൽകർ എന്നിവരാണുള്ളത്. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ അഖിൽ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജിയാക്കുന്ന കാര്യത്തിൽ കൊളീജിയത്തിൽ സമവായം വരാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന്.
ആറോളം ജഡ്ജിമാരുടെ നിയമകാര്യത്തിൽ കൊളീജിയത്തിൽ വിയോജിപ്പുകൾ ശക്തമാണെന്നാണ് വിവരം. ബോബ്ഡെയും ഇന്ദു മൽഹോത്രയും അടുത്ത മാസത്തോടെ വിരമിക്കും. ഇതോടെ ആറ് ജഡ്ജിമാരുടെ ഒഴിവ് സുപ്രീംകോടതിയിൽ വരും. ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാക്കുന്ന വിഷയത്തിൽ മുൻ ചീഫ് ജസ്റ്റിസ്സായിരുന്ന രഞ്ജൻ ഗോഗോയ് കൊളീജിയത്തിന് നേതൃത്വം കൊടുത്തിരുന്നപ്പോൾ വലിയ തർക്കവിതർക്കങ്ങളുണ്ടായിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന്റെ താൽപര്യമാണ് ഒടുവിൽ വിജയിച്ചത്. അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അന്ന് മന്ത്രിയായിരുന്ന അമിത് ഷായ്ക്കെതിരെയും ചില വിധിപ്രസ്താവങ്ങൾ നടത്തിയയാളാണ് അഖിൽ ഖുറേഷി.
ഏതായാലും നിയമനങ്ങളൊന്നും നടത്താതെ പിരിഞ്ഞുപോയിട്ടുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ്സാകില്ല ബോബ്ഡെ. 2015ൽ ചീഫ് ജസ്റ്റിസ്സായിരുന്ന എച്ച്എൽ ദത്തുവിനും ജഡ്ജി നിയമനങ്ങളൊന്നും നടത്താനായിരുന്നില്ല. അന്ന് നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷനുമായി ബന്ധപ്പെട്ട് ദത്തുവും സർക്കാരും തമ്മിൽ നിലനിന്നിരുന്ന വഴിവെട്ടായിരുന്നു കാരണം.