Sorry, you need to enable JavaScript to visit this website.

മഞ്ഞുമല ദുരന്തം നൽകുന്ന പാഠങ്ങൾ 

മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് കുത്തിയൊലിച്ചെത്തിയ ചളിവെള്ളം അളകനന്ദ നദിയിലേക്ക് ചേരുന്നു. ഉത്തരാഖണ്ഡിലെ തപോവനിൽനിന്നുള്ള ദൃശ്യം

ഉത്തരാഖണ്ഡ് ഒരിക്കൽ കൂടി രാജ്യത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു പ്രകൃതിദുരന്തത്തിനു കൂടി വേദിയായിരിക്കുന്നു. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയമാണ് ദുരന്ത കാരണം എന്നാണ് പ്രാഥമിക നിഗമനം. 
ഇതിനകം നിരവധി മരണം സ്ഥിരീകരിച്ച മഹാദുരന്തം അട്ടിമറി മൂലമാണോ എന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിര എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തിന്റെ പാരിസ്ഥിതിക ദുർബലത കണക്കിലെടുക്കാതെ തുടർന്നുവരുന്ന നിർമാണ പ്രവർത്തനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ചതാണ് ദുരന്തമെന്ന വിലയിരുത്തലിനാണ് പാരിസ്ഥിതിക വിദഗ്ധർ മുൻതൂക്കം നൽകുന്നത്.


ഉത്തരാഖണ്ഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചെറുതും വലുതുമായ നിരവധി പ്രകൃതിദുരന്തങ്ങൾക്കാണ് വേദിയായിട്ടുള്ളത്. 2013 ൽ കേദാർനാഥിൽ ഉണ്ടായ മേഘവിസ്‌ഫോടനങ്ങൾ ഏതാണ്ട് ആറായിരത്തോളം മനുഷ്യ ജീവനുകളാണ് അപഹരിച്ചത്. രണ്ടായിരത്തി അഞ്ഞൂറോളം വീടുകൾ പൂർണമായും നശിച്ചു. കേദാർനാഥ് ദുരന്ത കാരണം മേഘവിസ്‌ഫോടനം മൂലമാണെന്നു പറയുമ്പോഴും അത്തരം പ്രകൃതിദുരന്തങ്ങളിലേക്ക് നയിക്കുന്നത് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സവിശേഷതകളും ദുർബലതയും കണക്കിലെടുക്കാതെ തുടർന്നുവരുന്ന നിർമാണ പ്രവർത്തനങ്ങളാണ് എന്ന മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു എന്ന യാഥാർത്ഥ്യം അനിഷേധ്യമാണ്. ഉത്തരാഖണ്ഡിലെ ഹിമാലയ പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗാനദിയുടെ കൈവഴികൾ ഇതിനകം 550 ഡാമുകളുടെയും ജലവൈദ്യുത പദ്ധതികളുടെയും ഇരിപ്പിടമായി മാറിയിരിക്കുന്നു. അവയിൽ പണി പൂർത്തിയായതും നിർമാണത്തിലിരിക്കുന്നതുമായ 152 വൻകിട ഡാമുകളും ഉൾപ്പെടുന്നു.


കഴിഞ്ഞ തിങ്കളാഴ്ച ദുരന്തഭൂമിയായി മാറിയ മേഖലയിൽ മാത്രം 58 ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെന്നത് വികസനത്തിന്റെ പേരിൽ മനുഷ്യൻ പ്രകൃതിക്കും പരിസ്ഥിതിക്കും നേരെ ഉയർത്തുന്ന കനത്ത വെല്ലുവിളിയെയാണ് തുറന്നുകാട്ടുന്നത്. ഇവയിലേറെയും പ്രകൃതി സ്‌നേഹികളുടെയും പാരിസ്ഥിതിക വിദഗ്ധരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പുകളെയും പ്രതിഷേധത്തെയും വകവെക്കാതെ വാശിയോടെ നടത്തിവരുന്ന വികസന വൈകൃതങ്ങളാണെന്നതും അവഗണിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ പുറത്തു വിടുന്ന ഊർജ നിലയങ്ങൾക്കു പകരം പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ജലവൈദ്യുത പദ്ധതികൾ എന്ന വാദം ഹിമാലയത്തിന്റെ പരിസ്ഥിതി ദുർബലാവസ്ഥയെ അപ്പാടെ അവഗണിച്ചുകൊണ്ടാണ് തുടർന്നുവരുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഹിമാലയത്തിലെ കാലാവസ്ഥയിൽ വന്ന വലിയ മാറ്റത്തെപ്പറ്റി രാജ്യത്തിനകത്തും പുറത്തും നടന്ന പഠനങ്ങൾ മുന്നറിയിപ്പ് നിരന്തരം നൽകിപ്പോന്നിട്ടുണ്ട്.


ഹിമാലയത്തിന്റെ മഞ്ഞുകൊണ്ടുള്ള ആവരണം അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ആ പഠനങ്ങൾ എല്ലാം സാക്ഷ്യപ്പെടുത്തുന്നു. ലോകമെമ്പാടും മനുഷ്യ രാശിക്കും ജീവജാലങ്ങൾക്കും വൃക്ഷലതാദികൾക്കും ലഭ്യമായ ശുദ്ധജലത്തിന്റെ വൻശേഖരങ്ങളിൽ ഒന്നാണ് ഹിമാലയത്തിലെ മഞ്ഞുമലകൾ. ലോകത്തിലെ ഏറ്റവും വലിയ സമതല ഭൂമിയായ ഗംഗാ സമതലത്തെ ജലസമൃദ്ധമായി നിലനിർത്തുന്നത് ഹിമാലയത്തിലെ മഞ്ഞുമലകളാണ്. അതിന് സംഭവിച്ചുകൊണ്ടിരിക്കുന്ന നാശം ഗംഗാ സമതലത്തെ മരുഭൂമിയാക്കി മാറ്റുമെന്നും കോടാനുകോടി മനുഷ്യരെ അവർ ജനിച്ചുവളർന്ന ഭൂമിയിൽ അഭയാർത്ഥികളാക്കി മാറ്റുമെന്ന യാഥാർത്ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള ഭ്രാന്തമായ വികസന വാദമാണ് ഭരണാധികാരികളും മൂലധന ശക്തികളും അന്ധമായി പിന്തുടരുന്നത്. തിങ്കളാഴ്ചത്തെ ദുരന്തത്തിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ ദൗലിഗംഗയിൽ നിർമിച്ചുവരുന്ന 500 മെഗാവാട്ടിന്റെ ഡാമടക്കം ഏറ്റവും ചുരുങ്ങിയത് മൂന്ന് ജലവൈദ്യുത പദ്ധതികൾക്ക് വൻ നാശമാണ് വരുത്തിയത്. ഋഷിഗംഗാ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൂർണമായും തുടച്ചുമാറ്റപ്പെട്ടു.


അഞ്ചു പാലങ്ങളും ഡസൻ കണക്കിന് വീടുകളും തകർക്കപ്പെട്ടു. ദുരന്തം വരുത്തിവെച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തു വരാൻ ഏറെ കാത്തിരിക്കേണ്ടി വരും. 
രണ്ടായിരത്തിലധികം വരുന്ന പട്ടാളക്കാരും ദുരന്ത നിവാരണ സേനയുമടക്കമുള്ളവർക്ക് ദുരന്തം നാശം വിതച്ച പല ഭാഗങ്ങളും ഇപ്പോഴും അപ്രാപ്യമാണ്. ഡാം നിർമാണത്തിലും വൈദ്യുത പദ്ധതി പ്രവർത്തനത്തിലും ഏർപ്പെട്ട തൊഴിലാളികളും ഗ്രാമീണരും ആട്ടിടയരും മറ്റുമാണ് കാണാതായവരിൽ ഏറെയും. കൊടിയ ദുരന്തങ്ങൾ വരുമ്പോൾ പ്രകടിപ്പിക്കുന്ന നടുക്കത്തിനും ധനസഹായത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും അപ്പുറം അവയെ ഫലപ്രദമായി തടയുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതരുടെയും ഭരണാധികാരികളുടെയും ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.
അന്ധമായ വികസന ഭ്രാന്തിന് വിരാമം ഇട്ടുകൊണ്ടു മാത്രമേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാനാവൂ. നിലനിൽക്കാവുന്ന വികസനവും പ്രകൃതിയുമായി പൊരുത്തപ്പെട്ടു പോവുന്ന നിർമാണ തന്ത്രങ്ങളും ആവിഷ്‌കരിച്ച് പ്രയോഗത്തിൽ കൊണ്ടുവരാതെയുള്ള വികസന ത്വര ഇത്തരം ദുരന്തങ്ങളുടെ ആവർത്തനത്തെയാവും ക്ഷണിച്ചു വരുത്തുക. ഉത്തരാഖണ്ഡിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിലുണ്ടായ അഞ്ചാമത്തെ വൻ ദുരന്തമായിരുന്നു തിങ്കളാഴ്ചത്തേത്. അത് ആ ഹിമാലയൻ സംസ്ഥാനത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് രാജ്യത്തിന്റെയാകെ നിലനിൽപിന്റെ തന്നെ പ്രശ്‌നമാണെന്ന് ബന്ധപ്പെട്ടവർ ഇനിയെങ്കിലും തിരിച്ചറിയണം.

 

Latest News