ചെന്നൈ- തമിഴ്നാട്ടിലെ വിരുതുനഗറില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. നിരവധി പേര്‍ പരിക്കുകളുമായി ആശുപത്രിയില്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് വന്‍ ദുരന്തമുണ്ടായത്. തമിഴ്‌നാട്ടില്‍ ഈയടുത്തുണ്ടായതില്‍ വെച്ച് ഏറ്റവും മാരകമായ പടക്കശാല അപകടമാണിത്.
പലരുടേയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ ആര്‍.കണ്ണന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
34 പേരാണ് ചികിത്സയിലുള്ളതെന്നും പൊള്ളലേറ്റ ഇവരില്‍ പലുരുടേയം നില ഗുരതരമാണന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടാകുമ്പോള്‍ 74 പേരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്.
നിയമവിരുദ്ധമായാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ജോലിക്കാരില്‍ ഒരാള്‍ പടക്കം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് സ്‌ഫോടനത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പടക്കശാലയുടെ ഉടമ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സഹായധനം അനുവദിച്ചിരുന്നു.