ന്യൂദൽഹി- പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ടെന്നും ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും സുപ്രീം കോടതി. ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന കഴിഞ്ഞ വർഷത്തെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ആക്ടിവിസ്റ്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി.
പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോൾ പ്രതിഷേധങ്ങൾ പൊടുന്നനേ ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തിൽ പൊതുസ്ഥലങ്ങൾ തുടർച്ചയായി കയ്യടക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.