വയനാട്- നന്ദിയില്ലാത്ത രോഗികളെ നടുറോഡിൽ തല്ലിക്കൊല്ലണമെന്ന വിവാദ വിഡിയോയ്ക്ക് വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ. സഹായം കിട്ടിയിട്ടും നന്ദി കാണിക്കാത്തവരെ പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞുവെന്ന് ഫിറോസ് പറഞ്ഞ വിഡിയോയിലാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്ക് എതിരെ തിരിക്കുന്നവരെ റോഡിൽ തല്ലണം എന്നാണ് പറഞ്ഞതെന്നും ഫിറോസ് കുന്നംപറമ്പിൽ വിശദീകരിച്ചു. രോഗികൾക്ക് വേണ്ടി ഇത്രയും സഹായം നൽകിയിട്ടും കള്ളനെന്ന് വിളിച്ചാൽ വേദനിക്കുമെന്നും ഫിറോസ് വ്യക്തമാക്കി.
കുഞ്ഞിന്റെ ചികിൽസയ്ക്കായി 21 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയിരുന്നു. ഇതിൽ നിന്നും 12 ലക്ഷത്തിൽ അധികം രൂപ കുട്ടിയുടെ പിതാവ് പിൻവലിച്ചു. ഒൻപത് ലക്ഷം രൂപ മറ്റ് രോഗികൾക്ക് വീതിച്ച് നൽകിയെന്നും ഫിറോസ് പറയുന്നു. ഇതിൽ നിന്നും ഒരുരൂപ പോലും താൻ എടുത്തില്ല. കുട്ടിയുടെ അസുഖം ഭേദമായശേഷം തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കാൻ ചിലർക്കൊപ്പം ഇയാൾ ചേർന്നു.