ന്യൂദൽഹി- സുപ്രീംകോടതി നിയമിച്ച സമിതി കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞ് പരസ്യം നൽകിയതിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി രംഗത്ത്. ജുഡീഷ്യറി പാർലമെന്റിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറുന്ന നടപടിയാണിതെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. തങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് പരസ്യം പറയുന്നതെന്ന് ലോക്സഭയിൽ ഈ പ്രശ്നമുന്നയിക്കവെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
"പാർലമെന്റ് മൂന്ന് നിയമങ്ങൾ നിർമിച്ചു. സുപ്രീംകോടതി അവ പരിശോധിക്കുന്നതിനായി ഒരു സമിതിയെ വെച്ചു. നിയമങ്ങൾ പാസ്സാക്കുകയെന്നത് പൂർണമായും പാർരലമെന്റിന്റെ വിഷയമാണ്," പ്രേമചന്ദ്രൻ പറഞ്ഞു. പാർലമെന്റിന്റെ അധികാരങ്ങളിലേക്ക് സുപ്രീംകോടതി കടന്നുകയറുന്നത് നിർഭാഗ്യകരമാണ്. നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കാൻ മാത്രമേ സുപ്രീംകോടതിക്ക് സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ എംപിമാരും പ്രേമചന്ദ്രൻ ഉന്നയിച്ച പ്രശ്നത്തെ പിന്താങ്ങി രംഗത്തു വന്നു.
കഴിഞ്ഞ മാസമാണ് പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നിലനിൽക്കുന്ന വിയോജിപ്പുകളുടെ ഭാഗമായുള്ള പ്രതിസന്ധിയെ നീക്കാൻ കോടതി നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.