ന്യൂദല്‍ഹി- ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ദല്‍ഹി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.
പഞ്ചാബിലെ അമൃത്സറാണ് പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 10.34ഓടെയായിരുന്നു ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.
10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ മരണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രകമ്പനത്തെത്തുടര്‍ന്നു പലരും വീടുകളില്‍നിന്നു പുറത്തിറങ്ങി. എല്ലാവരുടേയും സുരക്ഷക്കായി പ്രാര്‍ഥിക്കുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ താജിക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു.
പാക്കിസ്ഥാനില്‍ ഭൂചലനത്തിന് 6.4 തീവ്രത രേഖപ്പെടുത്തി, താജിക്കിസ്ഥാനില്‍ 6.3ഉം. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം താജിക്കിസ്ഥാനാണ്.