മോസ്‌കോ- റഷ്യയില്‍ നിന്നുള്ള തെരുവുനായ്ക്കളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.ഈ തെരുവ് നായ്ക്കളുടെ നിറമാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് ഇത്രയേറെ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നല്‍കിയത്. റഷ്യയിലെ ഷെര്‍ഷിന്‍സ്‌ക് നഗരത്തില്‍ കണ്ടെത്തിയ നായ്ക്കള്‍ക്ക് നീല നിറമാണുള്ളത്. കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ രാസമാലിന്യമാണ് നായ്ക്കളുടെ നീല നിറത്തിന് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം കണ്ടപ്പോള്‍ ചിലര്‍ ആശങ്കയും ചിലര്‍ കൗതുകവും പങ്കുവെച്ചു.ഷെര്‍ഷിന്‍സ്‌കില്‍ നേരത്തെ വലിയൊരു രാസ ഉല്‍പ്പാദന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു.ആറുവര്‍ഷം മുന്‍പ് പ്ലാന്റ് അടച്ചുപൂട്ടി.ഫാക്ടറിയില്‍ ഉണ്ടായിരുന്ന കോപ്പര്‍ മാലിന്യമാകാം നായ്ക്കളുടെ നീലനിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജര്‍ ആന്‍ഡ്രി മിസ്ലിവെറ്റ്‌സ് പറഞ്ഞു. നായ്ക്കള്‍ അതുവഴി അലഞ്ഞുനടക്കുന്നത് പതിവാണ്. അപ്പോള്‍ അവര്‍ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയിട്ടുണ്ടാകാം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായി നായ്ക്കളെ മറ്റു നിറങ്ങളില്‍ കണ്ടതായി കേട്ടിരുന്നു. നായ്ക്കളെ അവിടെ നിയന്ത്രിക്കാന്‍ ആരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഷെര്‍ഷിന്‍സ്‌ക് നഗര അധികൃതര്‍ നായ്ക്കളെ പിടികൂടി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ്. 2017ല്‍ മുംബൈയില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. നവി മുംബൈ തലോജ വ്യവസായ മേഖലയില്‍ നായ്ക്കളെ നീല നിറത്തില്‍ കണ്ടെത്തിയിരുന്നു.