അഹമ്മദാബാദ്- ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് പട്ടിദാർ സമുദായ നേതാവ് ഹർദിക് പട്ടേൽ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പമാണെന്നും ബി.ജെ.പിയാണ് മുഖ്യശത്രുവെന്നും ഹർദിക് പ്രഖ്യാപിച്ചു. ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹർദിക് നിലപാട് വ്യക്തമാക്കി പത്രസമ്മേളനം വിളിച്ചത്. പട്ടിദാർ സമുദായത്തിന് സംവരണ ക്വാട്ട അനുവദിക്കുന്നത് സംബന്ധിച്ച് അംഗീകരിക്കാവുന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചതെന്നും ഹർദിക് പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് അന്തിമലക്ഷ്യമെന്നും ഹർദിക് വ്യക്തമാക്കി.
പട്ടിദാർ സമുദായത്തോട് കോൺഗ്രസിനെ പിന്തുണക്കാൻ ഹർദിക് ആവശ്യപ്പെട്ടു. ഞങ്ങളുടെ പ്രശ്‌നങ്ങൾ കോൺഗ്രസ് മനസിലാക്കിയിട്ടുണ്ട്. സംവരണം നൽകാമെന്ന ഉറപ്പ് അവർ നൽകിയിട്ടുണ്ട്. അധികാരത്തിലെത്തി ഒരു മാസത്തിനകം സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യും-ഹർദിക് പറഞ്ഞു.
പന്ത്രണ്ട് സീറ്റുകൾ ഹർദിക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. 77 സീറ്റുകളുടെ ആദ്യപട്ടികയിൽ പട്ടേൽ വിഭാഗത്തിൽനിന്നുള്ള 22 പേരെ കോൺഗ്രസ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഹാർദികിന്റെ പട്ടിദാർ വിഭാഗത്തിലെ രണ്ടു പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. ഇത് വിവാദമായതോടെ പട്ടിക വെട്ടിത്തിരുത്തി ഹർദിക് അനുകൂലികളായ മൂന്നു പേർക്ക് കൂടി സീറ്റ് നൽകി.
ഒരു സീറ്റും ലഭിച്ചില്ലെങ്കിലും കോൺഗ്രസിനെ പിന്തുണക്കുമെന്ന് ഹർദിക് വ്യക്തമാക്കി. ആവശ്യമായ സീറ്റ് ലഭിച്ചില്ലെന്നാരോപിച്ച് ഹർദികിന്റെ പട്ടിദാർ ആന്ദോളൻ അനാമത് സമിതി കഴിഞ്ഞദിവസം കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.