റിയാദ് - രാജ്യത്ത് വിവിധ പ്രവിശ്യകളിൽ എട്ടു മസ്ജിദുകൾ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം ഇന്നലെ അടച്ചു. ഇതോടെ അഞ്ചു ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 52 ആയി. ഇതിൽ 38 എണ്ണം അണുനശീകരണ ജോലികൾ പൂർത്തിയായതിനെ തുടർന്ന് വീണ്ടും തുറന്നു.
ജിദ്ദയിൽ രണ്ടു മസ്ജിദുകളും മക്ക പ്രവിശ്യയിലെ ഖുൻഫുദയിൽ ഒരു പള്ളിയും റിയാദ് പ്രവിശ്യയിൽ പെട്ട മജ്മയിലും ദുർമായിലും ഓരോ മസ്ജിദുകൾ വീതവും ജിസാൻ പ്രവിശ്യയിലെ അഹദ് മസാരിഹയിലും കിഴക്കൻ പ്രവിശ്യയിലെ അൽനഈരിയയിലും അസീർ പ്രവിശ്യയിലെ രിജാൽ അൽമഇലും ഓരോ പള്ളികളുമാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം ഇന്നലെ അടച്ചത്. ഈ മസ്ജിദുകളിൽ നമസ്‌കാരങ്ങളിൽ പങ്കെടുത്ത പത്തു പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അണുനശീകരണ ജോലികൾക്കു വേണ്ടി പള്ളികൾ താൽക്കാലികമായി അടക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്തെ മസ്ജിദുകളിൽ മുൻകരുതൽ, പ്രതിരോധ നടപടികൾ ശക്തമായി ബാധകമാക്കാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സുരക്ഷാ വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും ചാരിറ്റബിൾ ഫൗണ്ടേഷനുകളുമായും സഹകരിച്ച് മസ്ജിദ് ജീവനക്കാർ പള്ളികളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ക്രമീകരിക്കുകയും മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മസ്ജിദുകളിലേക്ക് പ്രവേശിക്കുമ്പോൾ വിശ്വാസികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും ചെയ്യുന്നു.