ന്യൂദൽഹി- കിഴക്കൻ ലഡാക്കിലെ സേന പിൻമാറ്റത്തിന് ചൈനയുമായുണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറ വെച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ലഡാക്കിലെ സൈനിക പിൻമാറ്റത്തെ സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിന്റെ ഇരു സഭകളിലും പ്രസ്താവന നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി രാഹുൽ രംഗത്തെത്തിയത്.
എന്നാൽ, ഇന്ത്യയുടെ ഒരു തരി മണ്ണു പോലും ചൈനയ്ക്ക് അടിയറ വെച്ചിട്ടില്ലെന്ന് രാഹുലിന്റെ ആരോപണത്തിന് മറുപടിയായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യഥാർഥ നിയന്ത്രണരേഖയെ മാനിക്കുന്നുവെന്നും തത്സ്ഥിതിയിൽ ഏകപക്ഷീയ മാറ്റങ്ങളുണ്ടാക്കുന്നത് ചെറുത്തു നിന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ലഡാക്കിലെ നേട്ടങ്ങളിൽ സംശയം പ്രകടിപ്പിക്കുന്നത് സൈന്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പറഞ്ഞത്.
അതേസമയം, ഒട്ടും തന്നെ ആത്മവിശ്വാസം ഇല്ലാതെയാണ് പ്രതിരോധ മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തിയത്. പാങ്ങോംഗ് തീരത്തെ ഫിംഗർ പോയിന്റ് മൂന്നിൽ ഇന്ത്യൻ സേന നിലയുറപ്പിക്കും എന്നാണ് മന്ത്രി പറ്ഞ്ഞത്. എന്നാൽ, ഫിംഗർ പോയിന്റ് നാല് ഇന്ത്യയുടെ ഭാഗമാണ്. അവിടെ നിന്നാണ് ഇന്ത്യൻ സേന ഫിംഗർ പോയിന്റ് മൂന്നിലേക്ക് പിൻവാങ്ങുന്നത്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് വിട്ടു കൊടുത്തതെന്നും രാഹുൽ ചോദിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മറുപടി നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.