ന്യൂദൽഹി- ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങൾക്ക് മറുപടി നൽകി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. താൻ ബി.ജെ.പിയിലേക്ക് പോകണമെങ്കിൽ കശ്മീരിൽ കറുത്ത മഞ്ഞ് പെയ്യണമെന്നായിരുന്നു ഗുലാം നബിയുടെ മറുപടി. രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയ ഗുലാം നബിക്കുള്ള യാത്ര അയപ്പ് ചടങ്ങിൽ പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊട്ടിക്കരഞ്ഞിരുന്നു. മറുപടി പറയവേ ഗുലാം നബിയും തങ്ങളുടെ വ്യക്തിബന്ധത്തെക്കുറിച്ചു പറഞ്ഞു വികാരാധീനനായി. അതോടെയാണ് പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയവരിൽ ഒരാളായ ഗുലാം നബി ആസാദ് ബി.ജെ.പിയിലേക്ക് പോകുമെന്ന് അഭ്യൂഹം പരന്നത്.
1990 മുതൽ നരേന്ദ്രമോഡിയുമായി ടെലിവിഷൻ സംവാദങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അവിടെ മോഡിയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. പരസ്പരം ചായ കുടിച്ചിട്ടുണ്ട്. എന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ആസാദ് പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു നീണ്ട കത്ത് എഴുതിയതായും ആസാദ് പറഞ്ഞു. അതിന് ശേഷം സോണിയയെ കണ്ടപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിയെ തയ്യാറാക്കണമെന്ന് പറഞ്ഞതായും ആസാദ് പറഞ്ഞു.