റിയാദ് - അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന വാണിംഗ് സംവിധാനം (നാഷണല്‍ എമര്‍ജന്‍സി ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം) സിവില്‍ ഡിഫന്‍സ് പരീക്ഷിക്കുന്നു. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനുമായി സഹകരിച്ച് സെല്‍ സംപ്രേഷണ സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുകളിലേക്ക് ഉയര്‍ന്ന ശബ്ദത്തിലുള്ള സവിശേഷമായ ടോണോടു കൂടിയ മുന്നറിയിപ്പ് എസ്.എം.എസ്സുകള്‍ അയക്കുകയാണ് ചെയ്യുക.
ആദ്യ ഘട്ടത്തില്‍ അല്‍ബാഹ, ഹുറൈമില, അല്ഉയൈന, ബഖീഖ്, അല്ശനാന്, ബഹ്റ, ഖുന്‍ഫുദ, തന്നൂമ എന്നിവിടങ്ങളിലാണ് വാണിംഗ് സംവിധാനം പരീക്ഷിക്കുക. ഫെബ്രുവരി 15 തിങ്കളാഴ്ച മുതല്‍ 22 തിങ്കളാഴ്ച വൈകീട്ട് ആറു വരെയുള്ള സമയത്തായിരിക്കും ആദ്യ ഘട്ട പരീക്ഷണം. പരീക്ഷണ പ്രദേശങ്ങളില്‍ സൗദി പൗരന്മാരുടെയും വിദേശികളുടെയും സ്മാര്‍ട്ട് ഫോണുകളുടെ സ്ക്രീനുകളില്‍ എസ്.എം.എസുകളും അലെര്‍ട്ടുകളും പ്രത്യക്ഷപ്പെടും. ഇത് കണ്ട് ആശങ്കപ്പെടേണ്ടതില്ല.