ഹൈദരാബാദ്- ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ സ്കൂളധികൃതരിൽ നിന്ന് അവഹേളനം നേരിട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഫീസടയ്ക്കാത്തതിന്റെ പേരിൽ തന്റെ മകളെ സ്കൂൾ മാനേജ്മെന്റ് നിരന്തരമായ സമ്മർദ്ദത്തിലാക്കുകയായിരുന്നെന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. പത്താംതരത്തിൽ പഠിക്കുകയായിരുന്ന പെൺകുട്ടി കുറനാളായി സ്കൂളിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല. സ്കൂകൂൾ ഫീസായ 37,000 രൂപയുടെ പകുതിയോളം ഇവർ നൽകിയിരുന്നതാണ്. ബാക്കി തുക ഈ മാസം ഇരുപതാം തിയ്യതിയോടെ നൽകാമെന്ന് സ്കൂൾ മാനേജ്മെന്റിനെ രക്ഷിതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഇതിന് കാത്തു നിൽക്കാൻ അധികൃതർ തയ്യാറായില്ലെന്നും തന്റെ മകളെ അവഹേളിക്കുന്ന തരത്തിൽ പെരുമാറിയെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. "അവർ എന്റെ മകളെ ദിവസവും രണ്ടും മൂന്നും തവണ വിളിപ്പിക്കുമായിരുന്നു. ഇന്നലെ അവൾ സ്കൂളിൽ പോകാൻ വിസമ്മതിച്ചു. ടീച്ചർമാർ അവളോട് എന്നെ വിളിക്കാൻ നിരന്തരമായി ആവശ്യപ്പെടുമായിരുന്നു," പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ഫീസടച്ചില്ലെങ്കിൽ കുട്ടിയെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.