പട്ന- ബിഹാറിലെ കോവിഡ് പ്രതിരോധ പരിപാടികളിലെ അഴിമതി പരിഹാസ്യമാംവിധം പുറത്തു വന്നിരിക്കുകയാണ് ചില റിപ്പോർട്ടുകളിലൂടെ. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തിയവരുടെ വിവരങ്ങളടങ്ങിയ രേഖകളിൽ ഫോൺ നമ്പറുകൾ ചേർക്കാതെ വിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥർ. കമ്പ്യൂട്ടറിലേക്ക് ചേർക്കുമ്പോൾ നമ്പറകളുടെ സ്ഥാനത്ത് പത്ത് പൂജ്യങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നതെന്ന ഇന്ത്യൻ എക്സ്പ്രസ്സ്സാ റിപോർട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധി പിഎച്ച്സികളിൽ ഇത്തരത്തിലാണ് ഡേറ്റ ചേർത്തിരിക്കുന്നത് ഒന്ന് ടെസ്റ്റിങ് ടാർഗറ്റ് പൂർത്തീകരിക്കാൻ വേണ്ടി വ്യാജമായി ആളുകളുടെ പേര് എൻട്രി ചെയ്തതായാണ് സംശയം. വ്യാജ എൻട്രികളിലൂടെ ടെസ്റ്റിങ് കിറ്റുകൾ അടിച്ചു മാറ്റുന്നതായും സംശയമുണ്ട്. ആദ്യത്തേതിലും ടെസ്റ്റിങ് കിറ്റുകൾ അടിച്ചുമാറ്റൽ നടക്കുമെന്ന് വ്യക്തം.
ജില്ലാതല ഉദ്യോഗസ്ഥരാണ് പിഎച്ച്സികളിൽ നിന്നുള്ള ഈ രേഖകൾ കമ്പ്യൂട്ടറിലെ സംവിധാനത്തിലേക്ക് ചേർക്കുന്നത്. ഇവർ പരാതിയുമായി രംഗത്തുവന്നപ്പോഴാണ് അഴിമതി വെളിച്ചത്തായത്. ഈ പിഎച്ച്സികളിൽ പലതും നഗരപ്രദേശങ്ങളിലാണെന്നതിനാൽ തന്നെ മൊബൈൽ ഫോണില്ലാത്തയാളുകളാണ് ടെസ്റ്റ് നടത്തിയതെന്ന വാദവും വിലപ്പോവില്ല. കൂടാതെ ടെസ്റ്റ് ചെയ്യുന്നയാൾക്ക് മൊബൈൽ ഫോണില്ലെങ്കിൽ ബന്ധുക്കളാരുടെയെങ്കിലും ഫോണ് നമ്പർ നൽകാവുന്നതാണ്. അതും സംഭവിച്ചിട്ടില്ല.
ചില കേസുകളിൽ നമ്പരുണ്ടെങ്കിലും അവ ടെസ്റ്റ് നടത്തിയയാളുടെയോ, അയാളെ അറിയുന്ന മറ്റാരുടെയെങ്കിലുമോ അല്ല. പല നമ്പരുകളിലേക്കും ഉദ്യോഗസ്ഥർ സ്ഥിരീകരണത്തിനായി വിളിച്ചുനോക്കിയപ്പോഴാണ് ഈ വസ്തുത ബോധ്യപ്പെട്ടത്. ഈ വഴിക്ക് നടത്തിയ അന്വേഷണത്തിൽ പിഎച്ച്സി ഉദ്യോഗസ്ഥർ വീടുകൾ തോറും ചെന്ന് ശേഖരിച്ച നമ്പരുകളാണിവ എന്നാണ് ബോധ്യപ്പെട്ടത്. ടെസ്റ്റിങ് നടത്തുമെന്ന് ഈ വീട്ടുകാരോടെല്ലാം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും ആരും പിന്നീട് ആ വഴിക്ക് വരികയുണ്ടായില്ലെന്നാണ് അറിയുന്നത്. ദിനംപ്രതി ഗ്രാമങ്ങളിൽ വിവിധയിടങ്ങളിൽ ടെസ്റ്റിങ് ക്യാമ്പുകൾ നടത്തേണ്ട ഉദ്യോഗസ്ഥർ ആ വഴിക്ക് പോകില്ല. പിന്നീട് വ്യാജരേഖകളുണ്ടാക്കി സമർപ്പിക്കുകയാണ് ഇവർ ചെയ്യുകയെന്ന് പിഎച്ചിസികളിൽ തന്നെയുള്ള, ഇത്തരം നടപടികളിൽ അമർഷമുള്ള ഉദ്യോഗസ്ഥർ പറയുന്നു.