റിയാദ് - വിവിധ പ്രവിശ്യകളില്‍ 12 മസ്ജിദുകള്‍ കൂടി ഇസ്ലാമികകാര്യ മന്ത്രാലയം അടച്ചു. വിശ്വാസികള്‍ക്കിടയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്നോണം മസ്ജിദുകള്‍ അടച്ചത്.
ഇതോടെ നാലു ദിവസത്തിനിടെ രാജ്യത്ത് അടച്ച പള്ളികളുടെ എണ്ണം 44 ആയി. ഇതില്‍ 28 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ പെട്ട ഹോത്ത ബനീതമീം, അല്‍ഖുവൈഇയ, മദീന, അല്‍ഹസ, അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖ്, അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍റസ് എന്നിവിടങ്ങളിലാണ് ഇന്നലെ മസ്ജിദുകള്‍ അടച്ചതെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം പറഞ്ഞു.
കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികളും നിര്‍ദേശങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമായി പാലിക്കാന്‍ തുടങ്ങിയതായും നിയമ ലംഘനങ്ങളുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് കുറഞ്ഞതായും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം പറഞ്ഞു. ഫെബ്രുവരി എട്ടിന് രാജ്യത്ത് നഗരസഭകളും ബലദിയകളും നടത്തിയ പരിശോധനകളില്‍ 3,275 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച 1,794 നിയമ ലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ബുധനാഴ്ച നഗരസഭകള്‍ 20,378 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ നിയമ ലംഘനങ്ങള്‍ക്ക് 1,794 സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തി. ബുധനാഴ്ച 692 സ്ഥാപനങ്ങള്‍ നഗരസഭകള്‍ അടപ്പിക്കുകയും ചെയ്തതായി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം പറഞ്ഞു.
അശ്ശര്‍ഖിയ നഗരസഭ ബുധനാഴ്ച 1,798 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ 108 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 61 സ്ഥാപനങ്ങള്‍ അടപ്പിച്ചു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് ഉപയോക്താക്കളില്‍ നിന്ന് 54 പരാതികളും ബുധനാഴ്ച നഗരസഭക്ക് ലഭിച്ചു.